'തൊട്ടതെല്ലാം പിഴച്ചു' ; തോല്‍വിയില്‍ താത്വിക അവലോകനവുമായി പാക് നായകന്‍
വെസ്റ്റ് ഇന്‍ഡീസിന് എതിരായ വമ്പന്‍ തോല്‍വിയില്‍ ടീമിനെ പഴിച്ച് പാക് നായകന്‍. തോല്‍വിക്ക് പാക് നായകന്‍ പറയുന്ന കാരണങ്ങളിങ്ങനെ.
നോട്ടിംഗ്‌ഹാം: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ്. ടോസ് നഷ്ടപ്പെട്ടതും വിന്‍ഡീസ് ഉയരക്കാരുടെ ബൗണ്‍സിനെ നേരിടുന്നതില്‍ ബാറ്റ്സ്മാന്‍മാരുടെ പരാജയവുമാണ് തോല്‍വിക്ക് പ്രധാന കാരണമായി പാക് നായകന്‍ എടുത്തുപറഞ്ഞത്. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ തോല്‍വി.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ടോസും വിക്കറ്റുകളും നഷ്ടപ്പെട്ടാല്‍ മത്സരത്തില്‍ തിരിച്ചെത്തുക പ്രയാസമാണ്. ബാറ്റിംഗ് നിര ഇന്ന് മികച്ച പ്രകടനം നടത്തിയില്ല. അതിശക്തമായ പേസ് നിരയുമായാണ് വിന്‍ഡീസ് കളിക്കുന്നതെന്ന് തങ്ങള്‍ക്കറിയാം. അവരുടെ ഷോട്ട് ബോളുകളില്‍ മോശം ഷോട്ടുകളാണ് ബാറ്റ്സ്‌മാന്‍മാര്‍ കളിച്ചത്. ഇത് നിര്‍ഭാഗ്യത്തിന്‍റെ ദിനമാണ്. ടീം തിരിച്ചെത്തുമെന്നാണ് വിശ്വാസം. മുഹമ്മദ് ആമിര്‍ നന്നായി പന്തെറിഞ്ഞത് സന്തോഷം നല്‍കുന്നു. ഇംഗ്ലണ്ടില്‍ ലഭിക്കുന്ന പിന്തുണ എന്നും മുതല്‍ക്കൂട്ടാണെന്നും മത്സരശേഷം സര്‍ഫറാസ് പറഞ്ഞു.
നോട്ടിംഗ്‌ഹാമില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ കരീബിയന്‍ സംഘം 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലും(34 പന്തില്‍ 50), നിക്കോളാസ് പുരാനുമാണ്(19 പന്തില്‍ 34) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.