വിജയ് ശങ്കറിന്റെ പരിക്ക്; ആശങ്ക നീക്കി സ്കാനിംഗ് റിപ്പോര്‍ട്ട്
ഇന്ന് ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ശങ്കര്‍ കളിക്കുന്നില്ല. കൈക്ക് പൊട്ടലുകളൊന്നുമില്ലെന്നും ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കളിക്കാനാവുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കി.
ലണ്ടന്‍: പരിശീലനത്തിനിടെ പന്തുകൊണ്ട് കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന്റെ കൈയില്‍ പൊട്ടലുകളൊന്നുമില്ലെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്. ഇന്നലെ ബാറ്റിംഗ് പരിശീലനത്തിനിടെ ഖലീല്‍ അഹമ്മദിന്‍റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ശങ്കറിന്റെ വലതു കൈത്തണ്ടയില്‍ പന്തുകൊണ്ടത്. വിജയ് ഉടന്‍ പരിശീലനം അവസാനിപ്പിച്ച് മടങ്ങി.
ഇന്ന് ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ശങ്കര്‍ കളിക്കുന്നില്ല. കൈക്ക് പൊട്ടലുകളൊന്നുമില്ലെന്നും ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കളിക്കാനാവുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയ്ക്കാണ് ശങ്കറിനെ സന്നാഹമത്സരത്തില്‍ നിന്നൊഴിവാക്കിയത്.
അതേസമയം, ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ഇപ്പോഴും പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. കേദാര്‍ ജാദവും സന്നാഹ മത്സരത്തില്‍ കളിക്കുന്നില്ല. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്. ഇതിന് മുന്‍പ് ചൊവ്വാഴ്‌ച ബംഗ്ലാദേശിന് എതിരെയും ഇന്ത്യ സന്നാഹമത്സരം കളിക്കും.