ടെയ്‌ലര്‍ അടിച്ചു, ബോള്‍ട്ടിളക്കി; ഇന്ത്യയുടെ സന്നാഹം തകര്‍ത്ത് ന്യൂസിലന്‍ഡ്

ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ താരങ്ങളില്‍ പലരും ആദ്യ സന്നാഹമത്സരത്തില്‍ നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്

New Zeland beat India by 6 wickets in World cup Warm up match

ഓവല്‍: പന്ത് കൊണ്ട് ട്രെന്റ് ബോള്‍ട്ടും ബാറ്റുകൊണ്ട് റോസ് ടെയ്‌ലറും ചേര്‍ന്ന് ഇന്ത്യയുടെ ലോകകപ്പ് സന്നാഹം തകര്‍ത്തു. ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവര്‍ ബാക്കി നിര്‍ത്തി ആധികാരികമായിതന്നെ കീവീസ് മറികടന്നു. സ്കോര്‍ ഇന്ത്യ 39.2 ഓവറില്‍ 179ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 37.1 ഓവറില്‍ 180/4.

ഐപിഎല്ലില്‍ മിന്നിത്തിളങ്ങി താരങ്ങള്‍ പലരും ആദ്യ സന്നാഹമത്സരത്തില്‍ നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. തുടക്കത്തിലെ വമ്പനടിക്കാരനായ കോളിന്‍ മണ്‍റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജസ്പ്രീത് ബൂമ്ര ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ട്ടിന്‍ ഗപ്ടിലും(22), ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും(67) ചേര്‍ന്ന് കീവീസിനെ സുരക്ഷിതമാക്കി. ഗപ്ടിലിനെ മടക്കി ഹര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചെങ്കിലും റോസ് ടെയ്‌ലറുടെ മനോഹര ഇന്നിംഗ്സ് ഇന്ത്യന്‍ പ്രതീക്ഷകളെ അടിച്ചു ബൗണ്ടറി കടത്തി. 75 പന്തില്‍ 71 റണ്‍സെടുത്ത ടെയ്‌ലര്‍ വിജയത്തിന് ഒരു റണ്ണകലെ വീണെങ്കിലും ഹെന്‍റി നിക്കോള്‍സും(15 നോട്ടൗട്ട്) ടോം ബ്ലണ്ടലും(0) ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി.

ബൂമ്ര നാലോവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ ആറോവറില്‍ 37 റണ്‍സിന് ഒരു വിക്കറ്റെടുത്തു. 8.1 ഓവര്‍ എറിഞ്ഞ് 44 റണ്‍സ് വഴങ്ങിയെങ്കിലും കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പതാമനായി ക്രീസിലെത്തി 50 പന്തില്‍ 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഇന്ത്യയെ 150 കടത്തിയത്. 19 റണ്‍സെടുത്ത കുല്‍ദീപ് ആണ് അവസാനം പുറത്തായത്. 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്ത്.

പച്ചപ്പുള്ള പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള കോലിയുടെ തീരുമാനം തുടക്കത്തിലേ പാളി.രണ്ടാം ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് രോഹിത് ശര്‍മയെ(2) വിക്കറ്റിന് മുന്നില്‍ കുടുക്കി.തൊട്ടുപിന്നാലെ ശീഖര്‍ ധവാനെ(2) ബ്ലണ്ടലിന്റെ കൈകകളിലെത്തിച്ച് ബോള്‍ട്ട് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി കെ എല്‍ രാഹുലിനെയും(6) മടക്കി ബോള്‍ട്ട് ഇന്ത്യയുടെ തലയരിഞ്ഞപ്പോള്‍ നല്ല തുടക്കമിട്ട ക്യാപ്റ്റന്‍ വിരാട് കോലിയെ(18) കോളിന്‍ ഡി ഡ്രാന്‍ഹോം ബൗള്‍ഡാക്കി.

ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ദ്ദികിനെ(30) വീഴ്ത്തി നീഷാമും ധോണിയെ(17) മടക്കി സൗത്തിയും അത് തല്ലിക്കൊഴിച്ചു. എട്ടാമനായി എത്തിയ ദിനേശ് കാര്‍ത്തിക്കിനും(4) കാര്യമായി ഒന്നും ചെയ്യാനായില്ല. ന്യൂസിലന്‍ഡിനായി ബോള്‍ട്ട് നാലും നീഷാം മൂന്നും വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios