ധോണി ചൂടനോ, ടീമില്‍ റോള്‍ എന്ത്; അടിപൊളി മറുപടിയുമായി ചാഹല്‍
ചിലപ്പോള്‍ ധോണി ദേഷ്യപ്പെടാറുണ്ട്, എന്നാലത് താരങ്ങള്‍ മെച്ചപ്പെടാന്‍ വേണ്ടിയാണെന്നും ചാഹല്‍
ലണ്ടന്‍: തന്ത്രങ്ങളുടെ 'തല' എന്നാണ് ഇന്ത്യന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനുമായ എം എസ് ധോണിക്കുള്ള വിശേഷണം. കളിക്കിടയില്‍ തന്ത്രങ്ങള്‍ മെനയുന്ന ധോണിയുടെ മികവ് ലോകകപ്പുകളിലടക്കം നാം കണ്ടിരിക്കുന്നു. മറ്റുള്ളവരുടെ മനസ് വായിക്കാന്‍ കഴിവുള്ളയാള്‍ എന്നാണ് ധോണിക്ക് സഹതാരം യുസ്‌വേന്ദ്ര ചാഹല്‍ നല്‍കുന്ന വിശേഷണം.
ക്രിക്കറ്റിനെ കുറിച്ച് സംശയങ്ങള്‍ തോന്നുമ്പോള്‍ മഹി ഭായിയെയാണ് ആദ്യം സമീപിക്കാറ്. അദേഹത്തിന് പരിചയസമ്പത്തിന്‍റെ കരുത്തുണ്ട്. എനിക്ക് മാത്രമല്ല, ടീമിലെ എല്ലാവരെയും മഹി ഭായി ഇത്തരത്തില്‍ സഹായിക്കും. വിക്കറ്റ് പിന്നില്‍ നില്‍ക്കുന്ന സമയങ്ങളില്‍ അദേഹത്തിന്‍റെ കണ്ണ് ഒരേസമയം ബൗളറിലും ബാറ്റ്സ്‌മാനിലും ആയിരിക്കും. ശാരീരിക ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ധോണിക്കാകും. ധോണി മനസ് വായിക്കുന്നയാളെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ആഭിമുഖത്തില്‍ ചാഹല്‍ പറഞ്ഞു.
സീനിയര്‍ താരമെന്ന നിലയില്‍ ടീമിലെ യുവതാരങ്ങളെ സഹായിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയുമാണ് ധോണിയുടെ റോള്‍. ചിലപ്പോള്‍ ധോണി ദേഷ്യപ്പെടാറുണ്ട്, എന്നാലത് താരങ്ങള്‍ മെച്ചപ്പെടാന്‍ വേണ്ടിയാണെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു. ധോണിയുടെ നായകത്വത്തിലാണ് ചാഹല്‍ ഏകദിന- ടി20 അരങ്ങേറ്റങ്ങള്‍ കുറിച്ചത്. 41 ഏകദിനങ്ങളില്‍ നിന്ന് 72 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ചാഹലിനായി. ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകളിലൊന്നാണ് ഈ വലംകൈയന്‍ സ്‌പിന്നര്‍.