വിമര്‍ശകര്‍ക്ക് ധോണിയുടെ മറുപടി; ലോകകപ്പില്‍ റെക്കോര്‍ഡിട്ട് 'തല'

വിമര്‍ശനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ഒരു റെക്കോര്‍ഡ് സ്വന്തമാക്കി ധോണി

MS Dhoni Create Record in World Cup

മാഞ്ചസ്റ്റര്‍: സാവധാനം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ എം എസ് ധോണി കേള്‍ക്കുന്നത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ വിമര്‍ശനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ഒരു റെക്കോര്‍ഡ് സ്വന്തമാക്കി ധോണി. ലോകകപ്പില്‍ അര്‍ദ്ധ സെഞ്ചുറി കുറിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനാണ് ധോണി.

മുപ്പത്തിയേഴ് വയസും 355 ദിവസവും പ്രായമുള്ളപ്പോഴാണ് ധോണി ഈ നേട്ടത്തിലെത്തിയത്. 2003 ലോകകപ്പില്‍ നമീബിയക്കെതിരെ അലക്‌സ് സ്റ്റെവാര്‍ട്ട് 39 വയസും 317 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ചിരുന്നു. ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിലുമെത്തി ധോണി. സ്റ്റെവാര്‍ട്ട് 38 വയസ് പിന്നിട്ട ശേഷം അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ധോണി 61 പന്തില്‍ 56 റണ്‍സെടുത്തു. അവസാന ഓവറിലെ ധോണി വെടിക്കെട്ടാണ് ഇന്ത്യയെ 268/7 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 143 റണ്‍സിലൊതുങ്ങിയതോടെ ഇന്ത്യ 125 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരവെ മുന്‍ നായകനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി മത്സരശേഷം രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios