വിക്കറ്റിന് പിന്നില്‍ ധോണി മാജിക്; മൂന്നില്‍ രണ്ടെണ്ണം ലോക റെക്കോര്‍ഡ്!
രണ്ട് ചരിത്ര നേട്ടങ്ങളിലെത്തുന്ന താരമായി എം എസ് ധോണി.
സതാംപ്‌ടണ്‍: രോഹിത് ശര്‍മ്മ ബാറ്റ് കൊണ്ട് തിളങ്ങിയ മത്സരത്തില്‍ എം എസ് ധോണിക്ക് വിക്കറ്റിന് പിന്നില്‍ റെക്കോര്‍ഡിന്‍റെ പെരുമഴ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 ഇന്നിംഗ്‌സുകളില്‍ ഗ്ലൗസണിയുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് എം എസ് ഡി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബൗച്ചര്‍(596), സംഗക്കാര(499), ഗില്‍ക്രിസ്റ്റ്(485) എന്നിവരാണ് ധോണിക്ക് പിന്നില്‍.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തിയ പാക്കിസ്ഥാന്‍ മുന്‍ താരം മൊയിന്‍ ഖാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി ധോണി. ഇരുവരും 139 പേരെയാണ് ഇതുവരെ സ്റ്റംപ് ചെയ്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 40-ാം ഓവറിലെ മൂന്നാം പന്തിലാണ് ഫെലുക്‌വായോയെ ധോണി സ്റ്റംപ് ചെയ്തത്. ഏഴാമനായി പുറത്താകുമ്പോള്‍ 61 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ നാലാം വിക്കറ്റായിരുന്നു ഇത്.
ലോകകപ്പില്‍ കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാമതെത്താനും മത്സരത്തില്‍ ധോണിക്കായി. ബ്രണ്ടന്‍ മക്കല്ലത്തെ(32) പിന്തള്ളിയപ്പോള്‍ 33 പേരെ പുറത്താക്കിയ ധോണിക്ക് മുന്നിലുള്ളത് കുമാര്‍ സംഗക്കാരയും(54) ആദം ഗില്‍ക്രിസ്റ്റും(52) മാത്രമാണ്.