കോലിയും മടങ്ങി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ 227നെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 78 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (8), വിരാട് കോലി (18) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Kohli back to pavilion and SA in charge against India

സതാംപ്ടണ്‍: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ 227നെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 78 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (8), വിരാട് കോലി (18) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മ (41), കെ.എല്‍ രാഹുല്‍ (9) എന്നിവരാണ് ക്രീസില്‍. കഗിസോ റബാദ, ആന്‍ഡിലെ ഫെഹ്ലുക്വാവോ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ യൂസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. രോഹിത്തുമായി 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ക്യാപ്റ്റനും മടങ്ങി. ഫെഹ്ലുക്വാവോയുടെ ബാക്ക് ഓഫ് ലെങ്ത് പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിടെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. വിക്കറ്റിന് പിന്നില്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ക്യാച്ച്. (വീഡിയോ കാണാം).

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് വാലറ്റം നടത്തി ചെറത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 

42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ആറ് ഓവറിനിടെ തന്നെ ദക്ഷിണഫ്രിക്കന്‍ ഓപ്പണര്‍മാരായ ഹാഷിം അംല (6), ക്വിന്റണ്‍ ഡി കോക്ക് (10) എന്നിവരെ പുറത്താക്കി ബൂമ്ര ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. ആ തകര്‍ച്ചയില്‍ നിന്ന് കരകറാന്‍ അവര്‍ക്കായതുമില്ല. 

റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (22), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (38), ഡേവിഡ് മില്ലര്‍ (31), ആന്‍ഡിലെ ഫെഹ്ലുക്വായോ (34) എന്നിവരെ ചാഹല്‍ മടക്കിയയച്ചതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായി. ഇതിനിടെ ടീമിലെ മറ്റൊരു സ്പിന്നറായ കുല്‍ദീപ് യാദവ്, ജെ.പി ഡുമിനി(3)യേയും തിരിച്ചയച്ചിരുന്നു. മോറിസിനെയും ഇമ്രാന്‍ താഹിറിനെയും ഭുവനേശ്വര്‍ പുറത്താക്കുകയായിരുന്നു. കഗിസോ റബാദ (31) പുറത്താവാതെ നിന്നു. 

മോറിസും റബാദയും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉയര്‍ന്ന കൂട്ടുക്കെട്ട്.  ഒരു ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് മോറിസിന്റെ ഇന്നിങ്സ്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios