സര്‍പ്രൈസായി ബ്രാവോയും പൊള്ളാര്‍ഡും; വിന്‍ഡീസ് റിസര്‍വ് താരങ്ങളുടെ ജംബോ പട്ടിക

ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ 10 അംഗ പട്ടിക പ്രഖ്യാപിച്ച് വിന്‍ഡീസ്. ബ്രാവോയും പൊള്ളാര്‍ഡും ഇടംപിടിച്ചപ്പോള്‍ സ്റ്റാര്‍ സ്‌പിന്നര്‍ പുറത്ത്. 

Kieron Pollard and Dwayne Bravo In Reserve List

സതാംപ്റ്റണ്‍: കീറോണ്‍ പൊള്ളാര്‍ഡിനെയും ഡ്വെയ്‌ന്‍ ബ്രാവോയെയും ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള 10 അംഗ റിസര്‍വ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് ബ്രാവോ. ഇതേസമയം 2016ന് ശേഷം ഏകദിനം കളിച്ചിട്ടില്ല പൊള്ളാര്‍ഡ്. എന്നാല്‍ ലോകകപ്പില്‍ നിര്‍ണായക പ്രകടനം കാഴ്‌ചവെക്കാനായേക്കാവുന്ന പരിചയസമ്പന്നരായ ഓള്‍റൗണ്ടര്‍മാരാണ് ഇരുവരും.

ത്രിരാഷ്ട്ര പരമ്പരയില്‍ തിളങ്ങിയ സുനില്‍ ആംബ്രിസും ഓള്‍റൗണ്ടര്‍ റെയ്‌മന്‍ റീഫെറിനെയും പകരക്കാരുടെ നിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രിരാഷ്ട്ര പരമ്പരയില്‍ തിളങ്ങിയ ആംബ്രിസിന്‍റെ സ്‌കോറുകള്‍ 69*, 23, 148, 38 എന്നിങ്ങനെയായിരുന്നു. അണുബാധയില്‍ നിന്ന് അടുത്തിടെ മോചിതനായ എവിന്‍ ലെവിസിന് പകരക്കാരനെ വേണ്ടിവന്നാല്‍ ആംബ്രിസിന് അവസരം തെളിയും. വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായാണ് റീഫെറെ ഉള്‍പ്പെടുത്തിയത്. 

Kieron Pollard and Dwayne Bravo In Reserve List

ജോണ്‍ കാംമ്പെല്‍, ജൊനാഥന്‍ കാര്‍ട്ടര്‍, റോഷ്‌ടണ്‍ ചേസ്, ഷെയ്‌ന്‍ ഡൗറിച്ച്. കീമോ പോള്‍. ഖാരി പീയറേ എന്നിവരും റിസര്‍വ് താരങ്ങളുടെ പട്ടികയിലുണ്ട്. എന്നാല്‍ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌ന് പട്ടികയിലിടമില്ല എന്നത് ശ്രദ്ധേയമാണ്.

സതാംപ്റ്റണില്‍ മെയ് 19 മുതല്‍ 23 വരെ നടക്കുന്ന പരിശീലനത്തില്‍ 15 അംഗ പ്രാഥമിക സ്‌ക്വാഡ് അംഗങ്ങളെല്ലാം പങ്കെടുക്കും. മെയ് 22ന് ഓസ്‌ട്രേലിയയുമായും 26ന് ദക്ഷിണാഫ്രിക്കയുമായും 28ന് ന്യൂസീലന്‍ഡിനെതിരെയും വിന്‍ഡീസിന് പരിശീലന മത്സരമുണ്ട്. ലോകകപ്പില്‍ മെയ് 31ന് പാക്കിസ്ഥാന് എതിരെയാണ് രണ്ട് തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിന്‍റെ ആദ്യ മത്സരം. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Latest Videos
Follow Us:
Download App:
  • android
  • ios