പരിശീലകന്‍ എന്നത് ശരിതന്നെ, ലോകകപ്പില്‍ ലാംഗറുടെ ഫേവറേറ്റ് ഓസ്‌ട്രേലിയയല്ല!
ലോകകപ്പിലെ 'റെഡ് ഹോട്ട്' ഫേവറേറ്റുകള്‍ ഇംഗ്ലണ്ട് എന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്‌റ്റിന്‍ ലാംഗര്‍.
ലണ്ടന്‍: ലോകകപ്പ് കിരീടം നിലനിര്‍ത്താനാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ശക്തമായ സ്‌ക്വാഡുമായി കപ്പ് കങ്കാരുക്കളുടെ നാട്ടിലെത്തിക്കാനുള്ള ആയുധങ്ങള്‍ ജസ്റ്റിന്‍ ലാംഗറുടെ പണിപ്പുരയില്‍ തയ്യാര്‍. എന്നാല്‍ അത്ര ആത്മവിശ്വാസത്തോടെയല്ല ലാംഗര്‍ ലോകകപ്പിനായി ഒരുങ്ങുന്നത്. സ്വന്തം ടീമിനെ മറികടന്ന് മറ്റൊരു ടീമിന്‍റെ പേരാണ് ലോകകപ്പ് ഫേവറേറ്റുകളായി ലാംഗര്‍ അവതരിപ്പിക്കുന്നത്.
ആതിഥേയരായ ഇംഗ്ലണ്ടാണ് ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകള്‍ എന്ന് ലാംഗര്‍ വ്യക്തമാക്കി. നിലവില്‍ ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് അവിസ്‌മരണീയ കളിയാണ് പുറത്തെടുക്കുന്നത്. അവരാണ് ലോകകപ്പിലെ 'റെഡ് ഹോട്ട്' ഫേവറേറ്റുകള്‍ എന്ന് നിസംശയം പറയാം. സ്വന്തം മണ്ണിലാണ് ഇംഗ്ലണ്ട് അങ്കത്തിനിറങ്ങുന്നത്. അത്യുജ്ജ്വലമായ മികവ് പുറത്തെടുക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിക്ക് ഇംഗ്ലണ്ട് അവകാശികളാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ലാംഗര്‍ പറഞ്ഞു.
മെയ് 30ന് ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി ആരംഭിക്കുന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. ഹോം ആനുകൂല്യവും ഏകദിന ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് ഇംഗ്ലണ്ടിനെ ഫേവറേറ്റുകളാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 49 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 34 എണ്ണത്തിലും മോര്‍ഗനും സംഘത്തിനും ജയിക്കാനായി. മൂന്ന് മത്സരങ്ങളില്‍ ഫലമില്ല. ഹോം വേദിയില്‍ കളിച്ച 26 മത്സരങ്ങളില്‍ നാല് തോല്‍വി മാത്രമാണ് നേരിട്ടത്. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ പാക്കിസ്ഥാനെ കശാപ്പ് ചെയ്താണ് ഇംഗ്ലണ്ട് ലോകകപ്പ് ഒരുക്കം കെങ്കേമമാക്കുന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |