ലോകകപ്പില്‍ മറ്റൊരു സ്‌പിന്നറും സ്വന്തമാക്കാത്ത നേട്ടം താഹിറിന്!
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ് താഹിറിനെ പന്തേല്‍പിച്ച് അമ്പരപ്പിക്കുകയായിരുന്നു.
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ആദ്യ ഓവറില്‍ പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിന് ചരിത്ര നേട്ടം. ലോകകപ്പില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന ആദ്യ സ്‌പിന്നറാണ് താഹിര്‍. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ് താഹിറിനെ പന്തേല്‍പിച്ച് അമ്പരപ്പിക്കുകയായിരുന്നു.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍റ്റോയെ പുറത്താക്കി താഹിര്‍ ഞെട്ടിച്ചു. താഹിറിന്‍റെ ഗൂഗ്ലിയുടെ ദിശ മനസിലാക്കാന്‍ പ്രയാസപ്പെട്ട ബെയര്‍സ്റ്റോ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വിക്കറ്റും മത്സരത്തില്‍ താഹിര്‍ സ്വന്തമാക്കി. ആകെ 10 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് താഹിറിന്‍റെ രണ്ട് വിക്കറ്റ് നേട്ടം.
1992 ലോകകപ്പില്‍ രണ്ടാം ഓവറില്‍ ഓഫ് സ്‌പിന്നര്‍ ദീപക് പട്ടേലിനെ പന്തേല്‍പിച്ച് ന്യൂസീലന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിലായിരുന്നു ഈ സംഭവം. അന്ന് മത്സരം 37 റണ്‍സിന് കിവീസ് ജയിക്കുകയും ചെയ്തു.