57 റണ്‍സ് കൂടി നേടിയാല്‍ കോലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്; മറികടക്കുക സച്ചിനെ

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10000 റണ്‍സ് പിന്നിട്ടതിന്റെ റെക്കോര്‍ഡും വിരാട് കോലിയുടെ പേരിലാണ്. ഏകദിനത്തില്‍ അരങ്ങേറി 11-ാം വര്‍ഷത്തില്‍ 11000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും

ICC World Cup 2019 Virat Kohli 57 Runs Away From Another Record

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ റെക്കോര്‍ഡ് കൂടിയാണ്. ഇന്നത്തെ മത്സരത്തില്‍ 57 റണ്‍സ് കൂടി നേടിയാല്‍ കോലിയ്ക്ക് ഏകദിനത്തില്‍ 11000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാം. ഒപ്പം അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കോലിയുടെ പേരിലാവും. 221 ഇന്നിംഗ്സുകളില്‍ നിന്ന് 10943 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുളളത്. 276 ഇന്നിംഗ്സുകളില്‍ നിന്ന് 11000 റണ്‍സ് പിന്നിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10000 റണ്‍സ് പിന്നിട്ടതിന്റെ റെക്കോര്‍ഡും വിരാട് കോലിയുടെ പേരിലാണ്. ഏകദിനത്തില്‍ അരങ്ങേറി 11-ാം വര്‍ഷത്തില്‍ 11000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും ഇന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്താല്‍ കോലിക്ക് സ്വന്തമാവും. ഇതിനുപുറമെ ഏകദിന ക്രിക്കറ്റില്‍ 11000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനുമാവും കോലി.

ന്യൂസിലന്‍ഡിനെതിരെ വിരാട് കോലിക്ക് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുണ്ടെന്നത് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കുന്ന കാര്യമാണ്. 68.52 ആണ് ന്യൂസിലന്‍ഡിനെതിരെ കോലിയുടെ ബാറ്റിംഗ് ശരാശരി. ന്യൂസിലന്‍ഡിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ 45, 43, 60 എന്നിങ്ങനെയായിരുന്നു കോലിയുടെ പ്രകടനം.

Latest Videos
Follow Us:
Download App:
  • android
  • ios