ഡിവില്ലിയേഴ്സിന് പണക്കൊതി; ആഞ്ഞടിച്ച് ഷൊയൈബ് അക്തര്‍

അടിസ്ഥാനപരമായി എല്ലാം തുടങ്ങുന്നത് പണത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്സ് ഈ തീരുമാനം എടുത്തതും പണത്തിന് വേണ്ടിതന്നെയാണ്.

ICC World Cup 2019 Shoaib Akhtar lashes out at AB De Villiers

ലണ്ടന്‍:ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ ബി ഡിവില്ലിയേഴ്സിനെതിരെ ആഞ്ഞടിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. കഴിഞ്ഞ വര്‍ഷം മെയില്‍ 34-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സ് ലോകകപ്പ് ടീമില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തള്ളിയിരുന്നു. എന്നാല്‍ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച് ഐപിഎല്‍ അടക്കം വിവിധ ടി20 ലീഗുകളില്‍ കളിക്കാന്‍ തയാറായ ഡിവില്ലിയേഴേസിന് രാജ്യത്തേക്കാള്‍ പ്രധാനം പണമാണെന്ന് അക്തര്‍ യുട്യൂബ് വീഡിയോയില്‍ പ‌റഞ്ഞു.

ഐപിഎല്ലും പിഎസ്എല്ലും ഒഴിവാക്കി ലോകകപ്പ് ടീമില്‍ കളിക്കാന്‍ ഡിവില്ലിയേഴ്സിനുമേല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഡിവില്ലിയേഴ്സ് ഐപിഎല്ലും പിഎസ്എല്ലുമാണ് തെരഞ്ഞെടുത്തത്. അടിസ്ഥാനപരമായി എല്ലാം തുടങ്ങുന്നത് പണത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്സ് ഈ തീരുമാനം എടുത്തതും പണത്തിന് വേണ്ടിതന്നെയാണ്. ലോകകപ്പ് ടീമില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അത് തള്ളിയെന്ന വാര്‍ത്തകള്‍ വന്ന സമയം കൂടി കണക്കിലെടുക്കണം. ലോകകപ്പിലെ ആദ്യ മൂന്ന് കളികളിലും തോറ്റ് ദക്ഷിണാഫ്രിക്ക പരിതാപകരമായ നിലയില്‍ നില്‍ക്കുമ്പോഴാണ് ആ വാര്‍ത്തകള്‍ വരുന്നത്.

രാജ്യത്തിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അദ്ദേഹം അതിന് തയാറായില്ല. പണം ഇന്നു വരും നാളെ പോവും. എന്നാല്‍ ലോകകപ്പ് ഒഴിവാക്കി പണമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പണമുണ്ടാക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ അത് ശരിയായ രീതിയില്‍ ഉണ്ടാക്കണം. പണത്തിന് വേണ്ടി രാജ്യത്തെ തള്ളിപ്പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല.സ്വന്തം പ്രതിച്ഛായ നന്നാക്കാനായി ആണ് അദ്ദേഹം അവസാന ശ്രമമെന്ന നിലയില്‍ ലോകകപ്പ് ടീമില്‍ തിരിച്ചുവരാന്‍ തയാറായിരുന്നുവെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റേത് ശരിയായ നിലപാടായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios