ആ സെഞ്ചുറി ഏറെ പ്രിയപ്പെട്ടതെന്ന് രോഹിത്

ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തന്നെ തുടരണമെന്നും ഓസ്ട്രേലിയക്കെതിരായ മത്സരത്തലേന്ന് മാധ്യമങ്ങളോട് രോഹിത് പറഞ്ഞു.

ICC World Cup 2019 Rohit Sharma says Innings against South Africa was one of his best

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറി തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നാണെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ നേടിയ 122 റണ്‍സ് തനിക്കേറെ പ്രിയപ്പെട്ടതാണെന്നും രോഹിത് പറഞ്ഞു. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചില്‍ എന്റെ സ്വതസിദ്ധമായ കളിയല്ല പുറത്തെടുത്തത്. എങ്കിലും അതെന്റെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നാണ്.

ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തന്നെ തുടരണമെന്നും ഓസ്ട്രേലിയക്കെതിരായ മത്സരത്തലേന്ന് മാധ്യമങ്ങളോട് രോഹിത് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ രാഹുല്‍ വലിയ സ്കോര്‍ നേടിയില്ലെങ്കിലും ഞാനുമായി മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാഹുല്‍ നേടിയ 26 റണ്‍സ് 50 റണ്‍സിനോളം മൂല്യമുള്ളതായിരുന്നു. ഈ ടൂര്‍ണമെന്റില്‍ രാഹുലിന്റെ ബാറ്റിംഗില്‍ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും രോഹിത് പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടന്ന 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 302 റണ്‍സടിച്ചത് തന്റെ ആത്മവിശ്വാസമുയര്‍ത്തിയെന്നും രോഹിത് പറഞ്ഞു.എം എസ് ധോണിയുടെ ബലിദാന്‍ ഗ്ലൗസ് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആ വിഷയത്തില്‍ മറുപടി നല്‍കാന്‍ താന്‍ ടീമിന്റെ നായകനല്ലെന്നും തനിക്ക് വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും രോഹിത് പറഞ്ഞു. ബാക്കിയെല്ലാം നാളത്തെ മത്സരത്തില്‍ കാണാമെന്നും രോഹിത് വ്യക്തമാക്കി.

ഓസ്ട്രേലിയയില്‍ പോയപ്പോള്‍ നമ്മളും ഇന്ത്യയിലെത്തിയപ്പോള്‍ ഓസ്ട്രേലിയയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച്ചത്തെ മത്സരത്തില്‍ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. കഴിഞ്ഞതെല്ലാം കഴിഞ്ഞതാണ്. മത്സരദിവസത്തില്‍ എങ്ങനെ കളിക്കുന്നു എന്നത് മാത്രമാണ് പ്രധാനം. ഇന്ത്യക്കെതിരെ ഓസീസ് ഷോര്‍ട്ട് ബോള്‍ തന്ത്രം പരീക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് ഇന്ത്യക്കും ഷോര്‍ട്ട് ബോളുകളിലൂടെ വിക്കറ്റ് എടുക്കാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടെന്നും ഏത് ബാറ്റ്സ്മാനും ഷോര്‍ട്ട് ബോളുകള്‍ കളിക്കുക എന്നത് അത്ര എളുപ്പമല്ലെന്നും രോഹിത് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios