ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ്; ധോണിക്കെതിരെ പാക് മന്ത്രി

ക്രിക്കറ്റ് കളിക്കാനാണ് ധോണി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നതെന്നും അല്ലാതെ മഹാഭാരത യുദ്ധത്തിനല്ലെന്നും പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

ICC World Cup 2019 Pakistan minister slams MS Dhoni over Army crest on gloves

സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ താരം എം എസ് ധോണി പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമുള്ള(ബലിദാന്‍ ബാഡ്‌ജ്)ഗ്ലൗസുമായി ഇറങ്ങിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് മന്ത്രി ഫവാദ് ചൗധരി. ക്രിക്കറ്റ് കളിക്കാനാണ് ധോണി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നതെന്നും അല്ലാതെ മഹാഭാരത യുദ്ധത്തിനല്ലെന്നും പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശുദ്ധ അസംബന്ധമാണെന്നും ഒരുവിഭാഗം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് യുദ്ധക്കൊതിയാണെന്നും ഇവരെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ റുവാണ്ടയിലേക്കോ അയക്കണമെന്നും ചൗധരി ട്വീറ്റില്‍ വ്യക്തമാക്കി.

ധോണിയുടെ ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയുടെ ഗ്ലൗസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ധോണിക്ക് സല്യൂട്ട് നല്‍കി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ നടപടി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിന്റെ നാല്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഫെഹ്‌ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ്  ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പാരാ റെജിമെന്‍റില്‍ ഹോണററി റാങ്കുണ്ട് എം എസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചപ്പോള്‍ 34 റണ്‍സുമായി ബാറ്റിംഗിലും ധോണി തിളങ്ങി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(144 പന്തില്‍ 122*) നാല് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോല്‍വിയാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios