ലോകകപ്പ് സന്നാഹം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം
ഒമ്പതാമനായി ക്രീസിലെത്തി 50 പന്തില്‍ 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഇന്ത്യയെ 150 കടത്തിയത്.
ഓവല്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്. 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പതാമനായി ക്രീസിലെത്തി 50 പന്തില്‍ 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഇന്ത്യയെ 150 കടത്തിയത്. 19 റണ്‍സെടുത്ത കുല്‍ദീപ് ആണ് അവസാനം പുറത്തായത്. 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്ത്.
പച്ചപ്പുള്ള പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള കോലിയുടെ തീരുമാനം തുടക്കത്തിലേ പാളി.രണ്ടാം ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് രോഹിത് ശര്‍മയെ(2) വിക്കറ്റിന് മുന്നില്‍ കുടുക്കി.തൊട്ടുപിന്നാലെ ശീഖര്‍ ധവാനെ(2) ബ്ലണ്ടലിന്റെ കൈകകളിലെത്തിച്ച് ബോള്‍ട്ട് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി കെ എല്‍ രാഹുലിനെയും(6) മടക്കി ബോള്‍ട്ട് ഇന്ത്യയുടെ തലയരിഞ്ഞപ്പോള്‍ നല്ല തുടക്കമിട്ട ക്യാപ്റ്റന്‍ വിരാട് കോലിയെ(18) കോളിന്‍ ഡി ഡ്രാന്‍ഹോം ബൗള്‍ഡാക്കി.
ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ദ്ദികിനെ(30) വീഴ്ത്തി നീഷാമും ധോണിയെ(17) മടക്കി സൗത്തിയും അത് തല്ലിക്കൊഴിച്ചു. എട്ടാമനായി എത്തിയ ദിനേശ് കാര്‍ത്തിക്കിനും(4) കാര്യമായി ഒന്നും ചെയ്യാനായില്ല. ന്യൂസിലന്‍ഡിനായി ബോള്‍ട്ട് നാലും നീഷാം മൂന്നും വിക്കറ്റെടുത്തു.