ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ
64 റണ്‍സടിച്ച ജെയിംസ് വിന്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോസ് ബട്‌ലര്‍(31 പന്തില്‍ 51), ക്രിസ് വോക്സ്, ജേസണ്‍ റോയ്(32) എന്നിവരും ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി തിളങ്ങി.
ലണ്ടന്‍: ഈ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രവചിക്കുന്ന ആതിഥേരായ ഇംഗ്ലണ്ടിനെ വീഴ്തത്തി ഓസ്ട്രേലിയയുടെ വിജയ സന്നാഹം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെതിരെ ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി മികവില്‍ 297 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 49.3 ഓവറില്‍ 285 റണ്‍സിന് ഓള്‍ ഔട്ടായി.
64 റണ്‍സടിച്ച ജെയിംസ് വിന്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോസ് ബട്‌ലര്‍(31 പന്തില്‍ 51), ക്രിസ് വോക്സ്, ജേസണ്‍ റോയ്(32) എന്നിവരും ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി തിളങ്ങി. ഓസീസിനായി ബെഹന്‍റോഫും കെയ്ന്‍ റിച്ചാര്‍ഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ സെഞ്ചുറിയുമായി രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയമികച്ച സ്കോര്‍ കുറിച്ചത്. 102 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയ സ്മിത്ത് 116 റണ്‍സെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(14) തുടക്കത്തിലെ നഷ്ടമായി. പിന്നീട് ഷോണ്‍ മാര്‍ഷും(31) വാര്‍ണറും(43) ചേര്‍ന്ന് ഓസീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. എന്നാല്‍ വാര്‍ണറും മാര്‍ഷും പുറത്തായശേഷം ഖവാജ(31)ക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ സ്മിത്താണ് ഓസീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. അലക്സ് ക്യാരി(14 പന്തില്‍ 30) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഓസീസിനെ 300ന് അടുത്തെത്തിച്ചു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 69 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.