ബലിദാന്‍ ബാഡ്‌ജ്: ധോണിക്കെതിരെ നിലപാട് കടുപ്പിച്ച് ഐസിസി; ബിസിസിഐയുടെ അപ്പീല്‍ തള്ളി

എം എസ് ധോണിക്കെതിരായ നിലപാട് കടുപ്പിച്ച് ഐസിസി. ധോണിയുടെ സൈനിക ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും മറുപടി. 

ICC rejects BCCIs appeal on Dhoni's insignia gloves

മുംബൈ: 'ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരായ നിലപാട് കടുപ്പിച്ച് ഐസിസി. 'ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും' ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി. ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്‌ജ് മാറ്റണമെന്ന് ഇന്നലെ ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീലില്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസിയുടെ ഇപ്പോഴത്തെ മറുപടി. 

ധോണിയുടെ ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പാരാ റെജിമെന്‍റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്‍റിന്‍റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്. ധോണിയെ പിന്തുണച്ച് മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ രംഗത്തുമെത്തി. എന്നാല്‍ ഇതിന് പിന്നാലെ ഐസിസി ധോണിക്കെതിരെ തിരിഞ്ഞു. എന്നാല്‍ ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ധോണി നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് ഇന്ന് വ്യക്തമാക്കി. എന്നാല്‍ ബിസിസിഐയുടെ അപ്പീല്‍ തള്ളി ഐസിസി നിലപാട് കൂടുതല്‍ കടുപ്പിച്ചിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios