ബ്രാത്ത്‌വെയ്റ്റ് പൊരുതി, പക്ഷെ ഭാഗ്യം തുണച്ചില്ല: ലോകകപ്പിൽ വിന്റീസിന് അഞ്ച് റൺസിന്റെ തോൽവി
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 292 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വിന്റീസ് സംഘത്തിന് 49 ഓവറിൽ 286 റൺസ് എടുക്കാനേ സാധിച്ചുള്ളൂ
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇന്റീസിനെതിരെ ന്യൂസിലാന്റിന് അഞ്ച് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 292 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വിന്റീസ് സംഘത്തിന് 49 ഓവറിൽ 286 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
സെഞ്ചുറി നേടി മുന്നേറിയ ബ്രാത്ത്‌വെയ്റ്റിന്റെ കരുത്തിൽ വിന്റീസ് വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിയെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല. 49ാം ഓവറിലെ അവസാന പന്തിൽ ഇദ്ദേഹത്തെ ട്രെന്റ് ബോൾട്ടിന്റെ കൈകളിലെത്തിച്ച് നീഷം കളിയവസാനിപ്പിക്കുകയായിരുന്നു. വാലറ്റക്കാരിൽ നിന്ന് ആവശ്യമായ പിന്തുണ ബ്രാത്ത്‌വെയ്റ്റിന് ലഭിക്കാതിരുന്നതാണ് അവരുടെ ദയനീയ തോൽവിക്ക് കാരണമായത്.
കളിയുടെ ആദ്യ ഓവറുകളിൽ തന്നെ കീവീസ് ബോളർമാർ വിന്റീസിന് പ്രഹരം നൽകിയിരുന്നു. ബോൾട്ടിന്റെ പന്തിൽ ഹോപ് ക്ലീൻ ബൗൾഡായപ്പോൾ മൂന്നാമനായി കളത്തിലെത്തിയ നിക്കോളാസ് പുരാനെ ബോൾട്ട്, ലതാമിന്റെ കൈകളിലെത്തിച്ചു.
എന്നാൽ ഗെയ്ൽ തകർത്ത് മുന്നേറി. നാലാമനായെത്തിയ ഹെറ്റ്മെയർ ഗെയ്‌ലിന് നല്ല പിന്തുണ നൽകി. ഇതോടെ മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ 140 ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്ന് 164 ന് ഏഴ് എന്ന നിലയിലേക്ക് വിന്റീസ് തകർന്നുവീണു.
ഹെറ്റ്മെയറെ(54) പുറത്താക്കി ഫെർഗുസനാണ് ആ തകർച്ചയുടെ ആദ്യ വെടിപൊട്ടിച്ചത്. ക്യാപ്റ്റൻ ഹോൾഡറിന് റണ്ണൊന്നും നേടാനായില്ല. ഗെയ്‌ലായിരുന്നു പിന്നീട് പുറത്തായത്. 87 റണ്ണായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന ആഷ്‌ലി നഴ്സും ഇവിൻ ലൂയിസും വന്നത് പോലെ മടങ്ങി. നഴ്സ് ഒരു റണ്ണെടുത്തപ്പോൾ ലൂയിസ് സംപൂജ്യനായാണ് മടങ്ങിയത്.
എന്നാൽ ഒൻപതാമനായി ഇറങ്ങിയ കെമർ റോച്ച്(14), പത്താമനായ ഷെൽഡൻ കോട്രെൽ(15) എന്നിവരെ കൂട്ടുപിടിച്ച് ബ്രാത്ത്‌വെയ്റ്റ് പോരാട്ടം തുടർന്നു. എട്ടാം വിക്കറ്റ് 211 റൺസിലും ഒൻപതാം വിക്കറ്റ് 245 റൺസിലും നഷ്ടമായിട്ടും ഓഷെൻ തോമസിന് ഒരറ്റത്ത് നിർത്തി ബ്രാത്ത്‌വെയ്റ്റ് വിന്റീസിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നി. എന്നാൽ 49ാം ഓവറിലെ അവസാന പന്തിൽ, സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ നീഷം പുറത്താക്കുകയായിരുന്നു. 101 റൺസായിരുന്നു പത്താമനായി മടങ്ങുമ്പോൾ ബ്രാത്ത്‌വെയ്റ്റിന്റെ സമ്പാദ്യം.
ആദ്യം ബാറ്റ് ചെയ്ത കീവീസ് നായകൻ കെയ്ൻ വില്യംസണിന്റെ(148) സെഞ്ചുറി മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. റോസ് ടെയ്‌ലർ 69 റൺസ് നേടി. കീവീസിന് വേണ്ടി ട്രെന്റ് ബോൾട്ട് നാല് വിക്കറ്റ് വീഴ്ത്തി. വിന്റീസിന് വേണ്ടി ഷെൽഡൻ കോട്രലും നാല് വിക്കറ്റ് വീഴ്ത്തി.