ലോകകപ്പില്‍ കേദാറിന് പകരക്കാരന്‍; സര്‍പ്രൈസ് പേരുമായി ബിസിസിഐ
കേദാര്‍ ജാദവ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായാല്‍ പകരം ഋഷഭ് പന്ത് എത്തും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിസിസിഐ മനസില്‍ കാണുന്നത് മറ്റ് രണ്ട് താരങ്ങളെ.
മുംബൈ: ഏകദിന ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കേദാര്‍ ജാദവിന്‍റെ പരിക്ക് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ അലട്ടുന്നു. താരത്തിന്‍റെ പരിക്ക് ഭേദമാക്കാത്തതിനാല്‍ പകരക്കാരന്‍ താരത്തെ തിരയുകയാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍. എന്നാല്‍ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലുമില്ലാത്ത ആക്ഷാര്‍ പട്ടേലിനെ കേദാറിന് പകരക്കാരനായി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമ്പാട്ടി റായുഡുവിനെയും കേദാറിന് പകരക്കാരനായി ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് പരിഗണിക്കുന്നുണ്ട്. കേദാറിന് ലോകകപ്പില്‍ കളിക്കാന്‍ കഴിയാതെ വന്നാല്‍ പകരം ഋഷഭ് പന്ത് ടീമിലെത്തും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ പന്ത് മികച്ച ഫോമിലായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങാന്‍ റായുഡുവിനും അക്ഷാറിനും കഴിഞ്ഞിരുന്നില്ല.
മെയ് 23നാണ് ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തിയതി. അതിനാല്‍ കേദാര്‍ കളിക്കുമോ എന്ന് എത്രയും വേഗം ഉറപ്പിക്കേണ്ടതുണ്ട് ഇന്ത്യന്‍ മാനേജ്‌മെന്‍റിന്. ടീം ഇന്ത്യ ഫിസിയോ പാടിക് കേദാറിന്‍റെ ആരോഗ്യനില ഓരോ ദിവസവും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ചെന്നൈ താരമായ കേദാറിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജയുടെ ഓവര്‍ ത്രോ ബൗണ്ടറി കടക്കുന്നത് തടയാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു കേദാറിന് പരിക്കേറ്റത്. ഈ സീസണില്‍ ചെന്നൈക്കായി കാര്യമായി തിളങ്ങാന്‍ കേദാറിനായിരുന്നില്ല. 12 ഇന്നിംഗ്സുകളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് ചെന്നൈക്കായി നേടിയത്.