ആദം സാംപയ്ക്കെതിരായ പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ വിശദീകരണവുമായി ഫിഞ്ച്

സാംപ പന്ത് ചുരണ്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോകളെ വീഡിയോയോ താന്‍ കണ്ടിട്ടില്ലെന്നും അതിനാല്‍ ഇതില്‍ ആധികാരികമായി പറയാന്‍ തനിക്കാവില്ലെന്നും ഫിഞ്ച് പറഞ്ഞു.

Aaron Finch clarifies amid ball tampering claims against Adam zampa

ഓവല്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഓസ്ട്രേലിയയുടെ ലെഗ് സ്പിന്നര്‍ ആദം സാംപ പന്ത് ചുരണ്ടിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. സാംപ എറിഞ്ഞ ഒരോവറില്‍ ഓരോ പന്തെറിയുന്നതിന് മുമ്പ് ഓരോ തവണയും പാന്റ്സിന്റെ പോക്കറ്റില്‍ കൈയിടുന്നതും പന്തില്‍ എന്തോ ഉരക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ കൈകള്‍ ചൂടാക്കാനാനുള്ള ഹാന്‍ഡ് വാര്‍മറുകളാണ് സാംപയുടെ പോക്കറ്റിലുണ്ടായിരുന്നതെന്നും ഇതിനായാണ് അദ്ദേഹം പോക്കറ്റില്‍ കൈയിട്ടതെന്നും ഫിഞ്ച് മത്സരശേഷം പറഞ്ഞു.

Also Read: ആദം സാംപ ഇന്ത്യക്കെതിരെ പന്ത് ചുരണ്ടിയെന്ന് ആരാധകര്‍; വിവാദ വീഡിയോ പുറത്ത്

സാംപ പന്ത് ചുരണ്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോകളെ വീഡിയോയോ താന്‍ കണ്ടിട്ടില്ലെന്നും അതിനാല്‍ ഇതില്‍ ആധികാരികമായി പറയാന്‍ തനിക്കാവില്ലെന്നും ഫിഞ്ച് പറഞ്ഞു. എങ്കിലും ഓരോ മത്സരത്തിലും സാംപ ഇത്തരത്തിലുള്ള ഹാന്‍ഡ് വാര്‍മറുകള്‍ പോക്കറ്റില്‍ കരുതാറുള്ള കാര്യം തനിക്കറിയാമെന്നും മത്സരശേഷം ഫിഞ്ച് വ്യക്തമാക്കി. അതിനായിട്ടായിരിക്കാം അദ്ദേഹം പോക്കറ്റില്‍ കൈയിട്ടതെന്നും ഫിഞ്ച് പറഞ്ഞു. മത്സരത്തില്‍ ആറോവര്‍ ബൗള്‍ ചെയ്ത സാംപ 50 റണ്‍സ് വഴങ്ങിയിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായ ഉടനെയാണ് സോഷ്യല്‍ മീഡിയയില്‍ സാംപ പന്ത് ചുരണ്ടിയെന്ന ആരോപണം ഉയര്‍ന്നത്. ഇത് ശരിവെക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും  ഒരുവര്‍ഷം വിലക്ക് നേരിട്ടിരുന്നു. വിലക്കിന്റെ കാലാവധി കഴിഞ്ഞ് ലോകകപ്പ് ടീമിലാണ് സ്മിത്തും വാര്‍ണറും തിരിച്ചെത്തിയത്.ഒമ്പത് മാസത്തെ വിലക്ക് നേരിട്ട ബാന്‍ക്രോഫറ്റ് ആകട്ടെ നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios