കോലി ക്ലാസ്, ധോണി സെന്‍സിബിള്‍, വെടിക്കെട്ടുമായി ഹാര്‍ദിക്; ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു. ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി

india vs west indies live updates india innings over

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ തുടര്‍ച്ചായായ നാലാം അര്‍ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെ മികവില്‍ വിന്‍‍ഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. കോലിക്കൊപ്പം എം എസ് ധോണി പുറത്താകാതെ നേടിയ അര്‍ധ ശതകവും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും തുണയായപ്പോള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. തുടക്കം തന്നെ വമ്പനടികള്‍ക്ക് ശ്രമിക്കാതെ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നടത്തിയത്.

india vs west indies live updates india innings over

സ്ഥിതി മനസിലാക്കി ഫോമിലെന്ന് തോന്നിപ്പിച്ച രോഹിത് ഗിയര്‍ മാറ്റിയ സമയത്ത് നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ വിക്കറ്റ് വീണു. കെമര്‍ റോച്ച് എറിഞ്ഞ അഞ്ചാം ഓവറിന്‍റെ അവസാന പന്ത് രോഹിത്തിന്‍റെ ബാറ്റില്‍ തട്ടിയാണ്  വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്‍റെ കെെകളില്‍ എത്തിയതെന്നാണ് മൂന്നാം അമ്പയര്‍ വിധിച്ചത്. 23 പന്തില്‍ 18 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം.

പിന്നീട് നായകന്‍ വിരാട് കോലിക്കൊപ്പം മികവ് പ്രകടപ്പിച്ച കെ എല്‍ രാഹുല്‍ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 64 പന്തില്‍ 48 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. മികച്ച അടിത്തറയുമായി വന്‍ സ്കോറിലേക്ക് കുതിക്കുമെന്ന് കരുതിയ ഇന്ത്യന്‍ ടീമിന് വിന്‍ഡീസ് കടിഞ്ഞാണിട്ടത് രാഹുലിന്‍റെ വീഴ്ചയ്ക്ക് ശേഷമാണ്.

india vs west indies live updates india innings over

നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ വിജയ് ശങ്കറും ഒപ്പം കേദാര്‍ ജാദവും വീണതോടെ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തി.  ഓപ്പണര്‍മാര്‍ രണ്ടു പേരും പുറത്തായതോടെ കളത്തിലെത്തിയ വിജയ് ശങ്കര്‍ 19 പന്തില്‍ 14 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് ഫോറുകള്‍ നേടി ഫോമിലാണെന്ന് തോന്നിപ്പിച്ച ശേഷമാണ് കെമര്‍ റോച്ചിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന് ക്യാച്ച് നല്‍കി വിജയ് മടങ്ങിയത്.

തൊട്ടു പിന്നാലെ എത്തിയ കേദാര്‍ ജാദവ് ഏഴ് റണ്‍സ് മാത്രം പേരില്‍ ചേര്‍ത്ത് തിരിച്ചു കയറി. കെമര്‍ റോച്ചിന് തന്നെയാണ് വിക്കറ്റ് ലഭിച്ചത്. അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്ന് നായകന്‍ കോലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു.

ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടെ വീണ്ടും ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി.

india vs west indies live updates india innings over

വമ്പനടിയോടെ ഹാര്‍ദിക് കളം നിറഞ്ഞതോടെ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ തല്ലുവാങ്ങി. 38 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദിക് ഷെല്‍ഡോണ്‍ കോട്ട്‍റെലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ അലന്‍റെ കെെകളിലെത്തി. ഇതിന് ശേഷം അവസാന ഓവറില്‍ ധോണി തകര്‍ത്തടിച്ചതോടെ ഇന്ത്യ ഭേദപ്പെട്ട ട്ടോട്ടലിലേക്ക് എത്തുകയായിരുന്നു.

ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെമര്‍ റോച്ചാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഹോള്‍ഡര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios