ബംഗ്ലാദേശിനെ തുരത്തിയോടിച്ചു; ശൗര്യത്തോടെ സെമിയിലേക്ക് മുന്നേറി ടീം ഇന്ത്യ

ബാറ്റ് കൊണ്ട് പരാജയപ്പെട്ടപ്പോള്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയത്. 

india vs bangladesh match report

ബിര്‍മിംഗ്ഹാം: വിറപ്പിക്കാനെത്തിയ ബംഗ്ലാദേശിനെ തുരത്തിയോടിച്ച് രാജകീയമായി ലോകകപ്പിന്‍റെ സെമിയിലേക്ക് മുന്നേറി ടീം ഇന്ത്യ. കരുത്തരായ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയായ ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു.

സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സെെഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി. മുസ്താഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു.

സ്കോര്‍: ഇന്ത്യ: നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314
ബംഗ്ലാദേശ്: 48 ഓവറില്‍ 286 റണ്‍സിന് പുറത്ത്

ഇന്ത്യ മുന്നോട്ട് വച്ച 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ ആദ്യ ഓവറുകളില്‍ അധികം റണ്‍സ്  കണ്ടെത്താനാകാതെ വിഷമിച്ച ബംഗ്ലാദേശിന് തമീം ഇക്ബാലിന്‍റെ വിക്കറ്റ് നഷ്ടമായതാണ് ആദ്യ ആഘാതമായത്.

india vs bangladesh match report

ഷമിയുടെ മുന്നില്‍ തമീമിന്‍റെ പ്രതിരോധം തകര്‍ന്നതോടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഷാക്കിബിനൊപ്പം സൗമ്യ സര്‍ക്കാര്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതും അധികം നീണ്ടില്ല. പിന്നീടെത്തിയ മുഷ്ഫിഖുര്‍ റഹീമിനും ലിറ്റണ്‍ ദാസിനും നല്ല തുടക്കം ലഭിച്ചെങ്കിലും അതും മുതലാക്കാനായില്ല. മുഷ്ഫിഖുറിനെ ചഹാലും ലിറ്റണ്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യയും തിരികെ ഡ്രെസിംഗ് റൂമിലേക്ക് മടക്കി. മൊസദെക് ഹുസെെനെ ബുമ്ര ബൗള്‍ഡും ചെയ്തതോടെ കളി ഇന്ത്യയുടെ വരുതിലായി. ഒപ്പം, പൊരുതി നിന്ന ഷാക്കിബിനെ ദിനേശ് കാര്‍ത്തിക്കിന്‍റെ കെെകളില്‍ എത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ബംഗ്ലാ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

india vs bangladesh match report

പൊരുതി നോക്കിയ ഷാക്കിബ് 74 പന്തില്‍ 66 റണ്‍സെടുത്താണ് പുറത്തായത്. പിന്നീടെത്തിയ സാബിര്‍ റഹ്മാനും മുഹമ്മദ് സെെഫുദ്ദിനും ചേര്‍ന്നുള്ള കടന്നാക്രമണത്തില്‍ ഇന്ത്യ അല്‍പം ഒന്ന് പകച്ചു. ഇരുവരും ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ നായകന്‍ വജ്രായുധത്തെ തന്നെ പന്തെറിയാനായി തിരികെ വിളിച്ചു. 36 പന്തില്‍ 36 റണ്‍സെടുത്ത സാബിറിന്‍റെ വിക്കറ്റ് പിഴുതാണ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം ബുമ്ര കാത്തത്. മൊര്‍ത്താസയെ ഭുവനേശ്വറും വീഴ്ത്തിയെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച സെെഫുദ്ദീന്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരുന്നു.

എന്നാല്‍, സെെഫുദ്ദിനെ മറുവശത്ത് നിര്‍ത്തി ബുമ്ര ബംഗ്ല വാലറ്റത്തിന്‍റെ കഥകഴിച്ചു. 38 പന്തില്‍ 51 റണ്‍സുമായി  സെെഫുദ്ദിന്‍ പുറത്താകാതെ നിന്നു. ബാറ്റ് കൊണ്ട് പരാജയപ്പെട്ടപ്പോള്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയത്. ഒപ്പം ജസ്പ്രീത് ബുമ്ര വീണ്ടും തന്‍റെ ക്ലാസ് തെളിയിച്ചു.

india vs bangladesh match report

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്.  മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യക്ക് ആശ്വാസമായി.  കെ എല്‍ രാഹുലിന് അധികം സമ്മര്‍ദ്ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി.

india vs bangladesh match report

90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്. 92 പന്തില്‍ 104 റണ്‍സ് രോഹിത് കൂട്ടിച്ചേര്‍ത്തു. അതിനുള്ളില്‍ 180 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട് രാഹുലുമായി ചേര്‍ന്ന് ഹിറ്റ്മാന്‍ പടുത്തുയര്‍ത്തിയിരുന്നു.

രോഹിത് മടങ്ങി അധികം വെെകാതെ രാഹുലിനെ റൂബല്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്‍റെ കെെകളില്‍ എത്തിച്ചു. 92 പന്തില്‍ 77 റണ്‍സാണ് രാഹുല്‍ നേടിയത്. പിന്നീട് നായകന്‍ വിരാടില്‍ നിന്ന് ഒരു വമ്പന്‍ ഇന്നിംഗ്സ് പ്രതീക്ഷിച്ചെങ്കിലും സ്ഥിരം കോലി മാജിക് ഇന്ന് ആവര്‍ത്തിക്കപ്പെട്ടില്ല.

india vs bangladesh match report

ഹാര്‍ദിക് വന്നതും നിന്നതും പോയതും ഒരുമിച്ചായതോടെ ഇന്ത്യന്‍ മധ്യനിരയില്‍ ആശങ്ക പടര്‍ന്നു. എന്നാല്‍, ഋഷഭ് പന്ത് ബൗണ്ടറികളുമായി നിറഞ്ഞാടിയതോടെ ബംഗ്ല ബൗളര്‍മാര്‍ തല്ലുകൊണ്ടു. 41 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയ ഋഷഭ് അര്‍ധ സെഞ്ചുറി ഉറപ്പിച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യം വീണ്ടുമെത്തിയത്.

ഷാക്കിബ് ആയിരുന്നു ഋഷഭിനെ (48) പുറത്താക്കി ബംഗ്ലാദേശിനെ കൂടുതല്‍ പരിക്കില്‍ നിന്ന് രക്ഷിച്ചത്. 33 പന്തില്‍ 35 റണ്‍സെടുത്ത ധോണിയുടെ വിക്കറ്റ് അവസാന ഓവറില്‍ വീണില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ 320 കടക്കുമായിരുന്നു. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം മുസ്താഫിസുര്‍ സ്വന്തമാക്കിയത്. എട്ട് മത്സരങ്ങളില്‍ ആറ് വിജയം ഉള്‍പ്പെടെ 13 പോയിന്‍റുമായാണ് ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios