ലങ്കാദഹനവും കഴിഞ്ഞു; സെമിക്ക് മുമ്പ് കരുത്ത് കൂട്ടി ടീം ഇന്ത്യ
സെമി ഉറപ്പിച്ച കോലിപ്പടയും എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കഴിഞ്ഞ ലങ്കയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ കുറിച്ചത് എഴ് വിക്കറ്റിന്‍റെ വമ്പന്‍ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കിയാണ് ഇന്ത്യ മറികടന്നത്.
ലീഡ്സ്: ഇംഗ്ലീഷ് മണ്ണില്‍ നിന്ന് ജയത്തോടെ നാട്ടിലേക്ക് മടങ്ങാമെന്നുള്ള ശ്രീലങ്കന്‍ മോഹത്തിന് മേല്‍ ഇന്ത്യയുടെ വിജയകാഹളം. സെമി ഉറപ്പിച്ച കോലിപ്പടയും എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കഴിഞ്ഞ ലങ്കയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ കുറിച്ചത് എഴ് വിക്കറ്റിന്‍റെ വമ്പന്‍ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്.
സ്കോര്‍: ശ്രീലങ്ക- നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264
ഇന്ത്യ- 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 265
ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ഒരു വെല്ലുവിളികളും ഇല്ലാതെ മുന്നേറി. പതിയെ തുടങ്ങിയെങ്കിലും ആക്രമണകാരിയായി മാറിയ രോഹിത് ശര്‍മയാണ് ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചത്. ഒപ്പം പിന്തുണയുമായി കെ എല്‍ രാഹുലും നിന്നതോടെ വിജയമെന്ന സ്വപ്നം ലങ്കയില്‍ നിന്ന് അകന്ന് തുടങ്ങി.
ആവനാഴിയിലെ ആയുധങ്ങള്‍ ഒന്നൊഴിയാതെ പരീക്ഷിച്ചിട്ടും ലങ്കയ്ക്ക് ആദ്യ വിക്കറ്റ് സ്വന്തമാക്കാന്‍ 30-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും സെഞ്ചുറി നേടി ടീമിന്‍റെ വിജയം ഉറപ്പിച്ച് കഴിഞ്ഞാണ് രോഹിത് ശര്‍മ കസുന്‍ രജിതയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. 94 പന്തില്‍ 103 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. രോഹിത് വീണതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത രാഹുലും അധികം വെെകാതെ സെഞ്ചുറിയിലേക്കെത്തി.
ഈ ലോകകപ്പില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ശതകം വഴുതിപ്പോയ ഇന്ത്യന്‍ ഓപ്പണര്‍ക്കും സെമിക്ക് മുമ്പ് ആശ്വാസ നിമിഷം പിറന്നു. 109 പന്തില്‍ രാഹുല്‍ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേട്ടം പേരിലെഴുതി. അധികം നഷ്ടം കൂടാതെ ഇന്ത്യ വിജയതീരം അടുക്കുമെന്ന കരുതിയപ്പോഴാണ് ലസിത് മലിംഗയുടെ ഒരു അപ്രതീക്ഷിത പന്തില്‍ രാഹുല്‍ വീണത്. 118 പന്തില്‍ 111 റണ്‍സ് കൂട്ടുച്ചേര്‍ത്താണ് താരം മടങ്ങിയത്.
ഋഷഭ് പന്തിന് ഉദാനയെ അതിജീവിക്കാന്‍ സാധിക്കാതെ വന്നതോടെ ഒരു ഫോര്‍ മാത്രം പായിച്ച് താരം തിരികെ കയറി. പിന്നീട് നായകന്‍ വിരാട് കോലിയും (34) ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് 38 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യയെ വിജയലക്ഷ്യം കടത്തി. ശ്രീലങ്കയ്ക്കായി മലിംഗ, രജിത, ഉദാന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ, ഏയ്ഞ്ചലോ മാത്യൂസിന്‍റെ കരുത്തിലാണ് ഇന്ത്യക്ക് മുന്നില്‍ ശ്രീലങ്ക ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു.
തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
എന്നാല്‍, ആക്രമണം കടുപ്പിച്ച ബൂമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. പിന്നീട് അവിഷ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും പുറത്തായ ശേഷം ഒന്നിച്ച ലഹിരു തിരിമാനെ- മാത്യൂസ് സഖ്യമാണ് ലങ്കയെ കരകയറ്റിയത്.
ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഈ കൂട്ടുകെട്ടിനെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സഹായിച്ചതോടെ 124 റണ്‍സിന്‍റെ നിര്‍ണായക സഖ്യം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി. അവസാനം 37-ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി തിരിമാനെ മടങ്ങി. 68 പന്തില്‍ 53 റണ്‍സ് ഇതിനകം താരം കൂട്ടിച്ചേര്‍ത്തിരുന്നു.
അതിനകം സ്കോറിംഗ് ടോപ് ഗിയറിലേക്ക് മാറ്റിയ മാത്യൂസ് തകര്‍ത്തടിച്ച് തുടങ്ങിയിരുന്നു. പാണ്ഡ്യയെ ഫോറിന് പായിച്ച് 115-ാം പന്തില്‍ മാത്യൂസ് സെഞ്ചുറിയിലേക്കെത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മാത്യൂസ് പുറത്താകുന്നത്.
128 പന്തില്‍ 113 റണ്‍സെടുത്ത മാത്യൂസ് ബൂമ്രയുടെ പന്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. ഇതോടെ വിചാരിച്ച സ്കോര്‍ ലങ്കയ്ക്ക് സ്വന്തമാക്കാനാകാതെ പോവുകയായിരുന്നു. ഇന്ത്യക്കായി 10 ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് ബുമ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്
- India beat srilanka
- India beat srilanka live updates