എറിഞ്ഞ് പിടിച്ച് ബൗളിംഗ് നിര; ഫെെനലിലേക്കുള്ള ഇന്ത്യന്‍ ലക്ഷ്യം 240 റണ്‍സ്

ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ കളിയില്‍ 28 റണ്‍സ് മാത്രമാണ് കിവികള്‍ കൂട്ടിച്ചേര്‍ത്തത്

ind vs nz first semi live updates new zealand innings

മാഞ്ചസ്റ്റര്‍: മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ന്യൂസിലന്‍ഡ്. ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് വന്നതിന്‍റെ പകിട്ട് മുഴുവന്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തപ്പോള്‍ കിവീസിന് ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

ഇന്ത്യന്‍ പേസ്-സ്പിന്‍ കൂട്ടുകെട്ടുകള്‍ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് ന്യൂസിലന്‍ഡ് സ്കോര്‍ ബോര്‍ഡില്‍ കുറിച്ചത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ കളിയില്‍ പിന്നീട് 28 റണ്‍സ് മാത്രമാണ് കിവികള്‍ കൂട്ടിച്ചേര്‍ത്തത്. മാഞ്ചസ്റ്ററില്‍ ടോസ് നേടിയത് കെയ്ന്‍ വില്യംസണും സംഘത്തിനും മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍, കളി തുടങ്ങി അധികം കഴിയാതെ തന്നെ ആ ആത്മവിശ്വാസം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂമ്ര പൊളിച്ചു.

ind vs nz first semi live updates new zealand innings

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ (1) ബൂമ്ര നായകന്‍ വിരാട് കോലിയുടെ കെെകളില്‍ എത്തിച്ചപ്പോള്‍ കിവികള്‍ ഞെട്ടി. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ വില്യസണും ഹെന്റി നിക്കോള്‍സും വിക്കറ്റ് പോകാതെ കാത്തു. പക്ഷേ, ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്റെ പേരിലായത്.

തുടര്‍ന്ന് വില്യംസണൊപ്പം ഹെന്റി നിക്കോള്‍സ് മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി. നിക്കോള്‍സിന്റെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ രണ്ടാം വിക്കറ്റ് വീഴ്ത്തി. 69 റണ്‍സായിരുന്നു അപ്പോള്‍ കിവീസിന്റെ സ്കോര്‍. പിന്നീട് വില്യംസണും റോസ് ടെയ്‍ലറും ചേര്‍ന്ന് കരുതലോടെ കളിച്ചതോടെ ന്യൂസിലന്‍ഡ് സ്കോറിംഗ് ഇഴഞ്ഞു. 81 പന്തുകളാണ് ബൗണ്ടറിയില്ലാതെ കടന്നുപോയത്.

അര്‍ധസെഞ്ചുറി തികച്ച വില്യംസണ്‍ ഇന്ത്യക്ക് ഭീഷണിയാവുമെന്ന ഘട്ടത്തില്‍ ചാഹല്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. വില്യംസണെ(67) ജഡേജയുടെ കൈകളിലെത്തിച്ച ചാഹല്‍ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ജയിംസ് നീഷാമും കോളിന്‍ ഗ്രാന്‍ഡ്ഹോമും വലിയ പ്രതിരോധം കൂടാതെ വീണു. ടെയ്‍ലറും ടോം ലാഥമും ചേര്‍ന്ന് സ്കോര്‍ ന്യൂസിലന്‍ഡ് സ്കോര്‍ എങ്ങനെയെങ്കിലും 250 റണ്‍സ് കടത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. കളി പുനരാരംഭിച്ച ഓവറില്‍ തന്നെ ഇന്ത്യ ആധിപത്യം തുടരുന്ന കാഴ്ചയാണ് കണ്ടത്.

ind vs nz first semi live updates new zealand innings

ഭുവനേശ്വര്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ കിവികളെ വരിഞ്ഞു മുറുക്കി. ബൗണ്ടറി കണ്ടെത്താനാകാതെ പോയതോടെ ഡബിള്‍ ഓടി റണ്‍സ് കണ്ടെത്താനുള്ള ടെയ്‍ലറിന്‍റെ ശ്രമം പക്ഷേ റണ്‍ഔട്ടിലാണ് കലാശിച്ചത്. രവീന്ദ്ര ജഡേജ ദൂരെ നിന്ന് എറിഞ്ഞ ത്രോ അപ്രതീക്ഷിതമായി വിക്കറ്റ് തകര്‍ത്തപ്പോള്‍ അത് വിശ്വസിക്കാനാകാതെ നില്‍ക്കാന്‍ മാത്രമേ ടെയ്‍ലറിന് സാധിച്ചുള്ളൂ.

ഇതോടെ വമ്പനടിക്ക് മുതിര്‍ന്ന ലാഥം ഭുവിയുടെ പന്തില്‍ ജഡേജയുടെ കെെയില്‍ ഒതുങ്ങി. മിച്ചല്‍ സാന്‍റനര്‍ ഒരു ഫോര്‍ അടിച്ച് തുടങ്ങിയെങ്കിലും മാറ്റ് ഹെന്‍‍റി വന്നതും നിന്നതും പോയതും ഒരുമിച്ചായിരുന്നു. അവസാന ഓവറില്‍ ബൂമ്രയെയും കടന്നാക്രമിക്കാന്‍ സാധിക്കാതെ പോയതോടെ കിവികള്‍ 239 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios