ആര്‍ച്ചറും സ്‌റ്റോക്‌സും എറിഞ്ഞിട്ടു; ലോകകപ്പിലെ ആദ്യ ജയം ഇംഗ്ലണ്ടിന്
ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി.
ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ 89 റണ്‍സ് നേടി സ്‌റ്റോക്‌സും ബാറ്റിങ്ങിലും തിളങ്ങിയിരുന്നു.
ക്വിന്റണ്‍ ഡി കോക്ക് (68), റാസി വാന്‍ ഡെര്‍ ദസന്‍ (50) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ഹാഷിം അംല (13), എയ്ഡന്‍ മാര്‍ക്രം (11), ഫാഫ് ഡുപ്ലെസി (5), ജെ.പി ഡുമിനി (8), ഡ്വയ്ന്‍ പ്രെട്ടോറ്യൂസ് (1), ആന്‍ഡിലെ ഫെഹ്‌ലുക്വായോ (24), കഗിസോ റബാദ (11), ഇമ്രാന്‍ താഹിര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുങ്കി എന്‍ഗിഡി (6) പുറത്താവാതെ നിന്നു. സ്റ്റോക്‌സ്, പ്ലങ്കറ്റ്, ആര്‍ച്ചര്‍ എന്നിവര്‍ക്ക് പുറമെ ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, 79 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (57), ജേസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും ഇമ്രാന്‍ താഹിര്‍, കഗിസോ റബാദ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ജോണി ബെയര്‍സ്‌റ്റോ (0), ജോസ് ബട്‌ലര്‍ (18), മൊയീന്‍ അലി (3), ക്രിസ് വോക്‌സ് (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലിയാം പ്ലങ്കറ്റ് (6), ജോഫ്ര ആര്‍ച്ചര്‍ (7) എന്നിവര്‍ പുറത്താവാതെ നിന്നു. ലോകകപ്പിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ടിന് ബെയര്‍സ്‌റ്റോയെ നഷ്ടമായി. താഹിറിനായിരുന്നു വിക്കറ്റ്. പിന്നാലെ റോയ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 106 റണ്‍സാണ് ഇംഗ്ലണ്ടിന് അടിത്തറ പാകിയത്. എന്നാല്‍ ഇരുവരെ പെട്ടന്ന് തന്നെ ഇംഗ്ലണ്ടിന് നഷ്ടമായി. ഇതോടെ ആതിഥേയര്‍ മൂന്നിന് 111 എന്ന നിലയിലേക്ക് വീണു.
തുടര്‍ന്ന് ഒത്തുച്ചേര്‍ന്ന മോര്‍ഗന്‍- സ്‌റ്റോക്‌സ് സഖ്യവും 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തകര്‍ച്ചയില്‍ നിന്ന കരകയറ്റിയതും ഈ കൂട്ടുക്കെട്ടാണ്. എന്നാല്‍ മോര്‍ഗന്‍ പുറത്തായ ശേഷം ബട്‌ലര്‍, മൊയീന്‍ അലി എന്നിവര്‍ പെട്ടന്ന് മടങ്ങിയത് ഇംഗ്ലണ്ടിന് ക്ഷീണം ചെയ്തു. സ്‌റ്റോക്‌സിനെ എന്‍ഗിഡി മടക്കിയതോടെ ഇംഗ്ലണ്ട് 311ല്‍ ഒതുങ്ങുകയായിരുന്നു.