വീണ്ടും റാഷിദ് ഖാൻ മാജിക്! പുതുചരിത്രമെഴുതി അഫ്ഗാൻ, ക്രിക്കറ്റിലെ വമ്പന്മാർക്കും അപായമണി! സിംബാബെയെ തകർത്തു
സിംബാബെയുടെ 2 വിക്കറ്റ് വീഴ്ത്തുകയും മറുപടി ബാറ്റിംഗിൽ 34 റൺസ് അടിച്ചെടുക്കുകയും ചെയ്ത ഒംറാസിയാണ് കളിയിലെ താരം
ഹരാരെ: ആധുനികി ക്രിക്കറ്റിൽ വലിയ ശക്തികളായി തങ്ങളും മാറുന്നുവെന്ന് അഫ്ഗാനിസ്ഥാന്റെ പ്രഖ്യാപനം. ഒരു കാലത്ത് ക്രിക്കറ്റിലെ വലിയ ശക്തിയായിരുന്ന സിംബാബെയെ അവരുടെ നാട്ടിൽ പഞ്ഞിക്കിട്ട് പരമ്പര നേട്ടവും സ്വന്തമാക്കിയാണ് അഫ്ഗാൻ വമ്പൻ ടീമുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിംബാബെയിൽ നടന്ന പരമ്പര 2 - 1 നാണ് അഫ്ഗാൻ പോക്കറ്റിലാക്കിയത്. ഇന്ന് നടന്ന മൂന്നാം ടി 20 പോരാട്ടത്തിൽ 3 പന്തുകൾ ശേഷിക്കെ 3 വിക്കറ്റ് ജയം പിടിച്ചെടുത്താണ് അഫ്ഗാൻ ചരിത്രം കുറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബെ 128 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ വച്ചത്. 3 പന്തുകൾ ശേഷിക്കെ 3 വിക്കറ്റ് ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. 18 പന്തിൽ 24 റൺസ് നേടിയ വൈറ്ററൻ താരം മുഹമ്മദ് നബിയും 22 പന്തിൽ 22 റൺസ് നേടിയ നയിബും 37 പന്തിൽ 34 റൺസ് നേടിയ ഒംറാസിയും ചേർന്നാണ് അഫ്ഗാനെ വിജയതീരത്തെത്തിച്ചത്. നേരത്തെ 4 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർ ബൗളർ റാഷിദ് ഖാനാണ് സിംബാബെയെ 127 റൺസിൽ തളയ്ക്കുന്നതിൽ നിർണായകമായത്. 2 വിക്കറ്റുകൾ വീതം നേടിയ നവീൻ ഉൾ ഹകും മുജീബ് ഉർ റഹ്മാനും ഒംറാംസിയും റാഷിദ് ഖാന് മികച്ച പിന്തുണ നൽകി.
സിംബാബെയുടെ 2 വിക്കറ്റ് വീഴ്ത്തുകയും മറുപടി ബാറ്റിംഗിൽ 34 റൺസ് അടിച്ചെടുക്കുകയും ചെയ്ത ഒംറാസിയാണ് കളിയിലെ താരം. നവീൻ ഉൾ ഹഖാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.