നാലാം ദിനം ഇതൊന്നും ആരും സ്വപ്‌നം കണ്ടിരുന്നില്ല; ഷമി-ബുമ്ര ബാറ്റിംഗിനെ പ്രശംസ കൊണ്ടുമൂടി സഹീര്‍
അഞ്ചാം ദിനം ഒന്‍പതാം വിക്കറ്റില്‍ 89 റണ്‍സിന്‍റെ കൂട്ടുകെട്ട് മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ടിന് മുന്നില്‍ 60 ഓവറില്‍ 272 റണ്‍സിന്‍റെ മികച്ച വിജയലക്ഷ്യം കോലിപ്പട വച്ചുനീട്ടുകയായിരുന്നു.
മുംബൈ: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് രണ്ടാം ഇന്നിംഗ്‌സില്‍ മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും നടത്തിയ അപ്രതീക്ഷിത ബാറ്റിംഗ് പൂരമായിരുന്നു. നാലാം ദിനം അവസാനം ആരും പ്രതീക്ഷിച്ചിരുന്നതേയല്ല ഇത്തരമൊരു കൂട്ടുകെട്ട് എന്നുപറഞ്ഞ ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ ഷമിയെയും ബുമ്രയേയും പ്രശംസ കൊണ്ടുമൂടി.
'ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ഇങ്ങനെ അവസാനിക്കുമെന്ന് നാലാം ദിനത്തിന്‍റെ അവസാനം ആരും കരുതിയിരുന്നില്ല. ലോര്‍ഡ്‌സിലെ ഇന്ത്യന്‍ തിരിച്ചുവരവ് ഏറെ ദിവസം ചര്‍ച്ച ചെയ്യപ്പെടും. വളരെ അപൂര്‍വമായാണ് ഇത്തരം തിരിച്ചുവരവുകള്‍ നമ്മള്‍ കണ്ടിട്ടുള്ളത്. റിഷഭ് പന്ത് ഏറെ സമയം ക്രീസില്‍ നില്‍ക്കും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഷമി-ബുമ്ര കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതിന് ശേഷം ഗംഭീരമായി പന്തെറിയുകയും ചെയ്തു. ഉറപ്പായും വിജയിക്കണമെന്നുള്ള ആഗ്രഹം എല്ലാ ഇന്ത്യന്‍ താരങ്ങളുടേയും ശരീരഭാഷയില്‍ നിന്ന് വായിക്കാമായിരുന്നു. ഈ ടെസ്റ്റ് മത്സരം കണ്ടവര്‍ ഇത്രത്തോളം മനോഹരമായി മറ്റൊരു മത്സരം വീക്ഷിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ നാഴികക്കല്ലാണ് ലോര്‍ഡ്‌സ് ടെസ്റ്റിലെ വിജയം' എന്നും സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
നാലാം ദിനത്തിനൊടുവില്‍ 181/6 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് ആകെ 151 റണ്‍സിന്‍റെ ലീഡ് മാത്രമാണുണ്ടായിരുന്നത്. അവസാന ദിനം ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങും എന്ന് മിക്കവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ അഞ്ചാം ദിനം ഒന്‍പതാം വിക്കറ്റില്‍ 89 റണ്‍സിന്‍റെ കൂട്ടുകെട്ട് മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ടിന് മുന്നില്‍ 60 ഓവറില്‍ 272 റണ്‍സിന്‍റെ മികച്ച വിജയലക്ഷ്യം കോലിപ്പട വച്ചുനീട്ടി. ഷമി പുറത്താകാതെ 56 ഉം ബുമ്ര 34*ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിലാവട്ടെ ഇംഗ്ലണ്ട് വെറും 120 റണ്‍സില്‍ പുറത്തായതോടെ ടീം ഇന്ത്യ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ലോർഡ്സിൽ ഇന്ത്യക്ക് ഐതിഹാസിക ജയം, ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 151 റൺസിന്
ഇന്ത്യയെ പ്രകോപിപ്പിച്ചു, ഇംഗ്ലണ്ടിന് ഇനി പരമ്പരയിൽ തിരിച്ചുവരാനാവില്ലെന്ന് മൈക്കൽ വോൺ
ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ഇന്ത്യയുടേതെന്ന് സച്ചിന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona