ഇന്ത്യൻ ടീമിൽ തുടർച്ചയായ അവഗണന; പക്ഷെ ഇംഗ്ലണ്ടിൽ വിക്കറ്റ് വേട്ടയുമായി യുസ്‌വേന്ദ്ര ചാഹലിന്‍റെ അരങ്ങേറ്റം

ചാഹലിന്‍റെ ബൗളിംഗ് മികവില്‍ നോര്‍ത്താംപ്റ്റണ്‍ഷെയർ ആദ്യം ബാറ്റ് ചെയ്ത കെന്‍റിനെ 35.1 ഓവറില്‍ 82 റണ്‍സിന് പുറത്താക്കി.

Yuzvendra Chahal takes 5/14 for Northamptonshire vs Kent in One Day Cup

ലണ്ടന്‍: ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഇംഗ്ലണ്ടിലെ വണ്‍ ഡേ കപ്പില്‍ മിന്നും തുടക്കം. ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി അരങ്ങേറിയ ചാഹല്‍ കെന്‍റിനെതിരായ മത്സരത്തില്‍ 10 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. അഞ്ച് മെയ്ഡിനുകളുള്‍പ്പെടെയാണ് ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അവസാന എട്ടോവറില്‍ അഞ്ച് മെയ്ഡിനടക്കം നാലു റണ്‍സിനാണ് ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

ചാഹലിന്‍റെ ബൗളിംഗ് മികവില്‍ നോര്‍ത്താംപ്റ്റണ്‍ഷെയർ ആദ്യം ബാറ്റ് ചെയ്ത കെന്‍റിനെ 35.1 ഓവറില്‍ 82 റണ്‍സിന് പുറത്താക്കി. കെന്‍റിന്‍റെ താരങ്ങളായ ജെയ്ഡന്‍ ഡെന്‍ലി, ഏകാന്‍ഷ് സിങ്, ഗ്രാന്‍റ് സ്റ്റുവര്‍ട്ട്, നഥാന്‍ ഗില്‍ക്രിസ്റ്റ്, ബയേഴ്സ് സ്വനേപോയൽ എന്നിവര്‍ മുട്ടുമടക്കിയപ്പോള്‍ 33 റണ്‍സിന് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായ കെന്‍റ് തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ പൃഥ്വി ഷായുടെ(17) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നോര്‍ത്താംപ്റ്റണ്‍ഷെയർ 14 ഓവറില്‍ ലക്ഷ്യത്തിലെത്തി. കഴിഞ്ഞ സീസണില്‍ കെന്‍റിനായി കളിച്ച ചാഹല്‍ രണ്ട് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു.

കേരള ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാന്‍ അപേക്ഷിച്ച് മുന്‍ ഓസീസ് സൂപ്പർ താരം

നേരത്തെ ഐപിഎല്ലിലെ ചാഹലിന്‍റെ റെക്കോര്‍ഡുകള്‍ ഓര്‍മിപ്പിച്ചാണ് താരത്തെ നോര്‍ത്താംപ്റ്റണ്‍ഷെയർ ടീമിലേക്ക് സ്വാഗതം ചെയ്തത്. ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായ ചാഹലിന്‍റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് നോര്‍ത്താംപ്റ്റണ്‍ഷെയർ എക്സ് പോസ്റ്റില്‍ പറഞ്ഞു.

ജൂണില്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നെങ്കിലും 34കാരനായ ചാഹലിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലിലെ മിന്നും പ്രകടനമായിരുന്നു ചാഹലിനെ ലോകകപ്പ് ടീമിലെത്തിച്ചത്. ലോകകപ്പിനുശേഷം ഇന്ത്യൻ ടീം സിംബാബ്‌വെക്കെതിരെയും ശ്രീലങ്കക്കെതിരെയും ടി20, ഏകദിന പരമ്പരകള്‍ കളിച്ചെങ്കിലും ചാഹലിനെ പരിഗണിച്ചിരുന്നില്ല. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 96 വിക്കറ്റുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് ചാഹല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios