ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രണ്ട് വിക്കറ്റ്; യൂസ്‌വേന്ദ്ര ചാഹലിന് റെക്കോര്‍ഡ്, ഇമ്രാന്‍ താഹിറിനെ മറികടന്നു
ഐ പി എല്ലിലെ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറെന്ന റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് ചാഹല്‍. 2019ല്‍ 26 വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറിന്റെ റെക്കോര്‍ഡിന് ഒപ്പമാണ് ചഹല്‍ എത്തിയത്.
മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ നിര്‍ണായക താരമാണ് യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal). പലപ്പോഴും ആര്‍ അശ്വിന്‍- ചാഹല്‍ കൂട്ടുകെട്ടാണ് എതിരാളികളെ നിയന്ത്രിച്ചുനിര്‍ത്തുന്നത്. രാജസ്ഥാന്റെ (Rajasthan Royals) വിജയങ്ങളില്‍ ഇരുവരുടേയും പ്രകടനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ചാഹലാണ് ഒന്നാമന്‍. 14 മത്സരങ്ങളില്‍ 26 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ (CSK) നേടിയ രണ്ട് വിക്കറ്റാണ് താരത്തെ 26ലെത്തിച്ചത്.
ഇതോടെ ഒരു റെക്കോര്‍ഡും ചാഹലിന്റെ പേരിലായി. ഐ പി എല്ലിലെ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറെന്ന റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് ചാഹല്‍. 2019ല്‍ 26 വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറിന്റെ റെക്കോര്‍ഡിന് ഒപ്പമാണ് ചഹല്‍ എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനക്കാരായ പ്ലേ ഓഫിന് യോഗ്യത നേടിയതോടെ ഈ സീസണില്‍ തന്നെ ഇമ്രാന്‍ താഹിറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ചഹലിന് കഴിയും. 24 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗ് (2013), സുനില്‍ നരൈന്‍ (2012), വാനിന്ദു ഹസരംഗ (2022) എന്നിവര്‍ പിന്നിലാണ്. 2015ല്‍ ചഹല്‍ 23 വിക്കറ്റ് നേടിയിരുന്നു.
എന്നാല്‍ ചാഹലിന് സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറാവാനുള്ള അവസരവുമുണ്ട്. അതിന് വേണ്ട് ഏഴ് വിക്കറ്റുകളാണ്. ഇക്കാര്യത്തില്‍ ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് മുന്നില്‍. ഇരുവരുടേയും അക്കൗണ്ടില്‍ 32 വിക്കറ്റ് വീതമുണ്ട്. കഴിഞ്ഞ സീസണിലാണ് ഹര്‍ഷല്‍ പട്ടേല്‍ ഇത്രയും വിക്കറ്റെടുത്തത്. 2013ലായിരുന്നു ബ്രാവോയുടെ നേട്ടം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ഇടക്കൊന്ന് പതറിയെങ്കിലും അശ്വിന്റെ പോരാട്ടവീര്യത്തില്‍ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
44 പന്തില്‍ 59 റണ്‍സടിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ തകര്‍ത്തടിച്ച അശ്വിന്‍ പുറത്താകാതെ 23 പന്തില്‍ 40 റണ്‍സെടുത്ത് രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സഞ്ജു സാംസണ്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജോസ് ബട്ലര്‍(2) വീണ്ടും നിരാശപ്പെടുത്തി. സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 150-6, രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ 151-5.
ജയത്തോടെ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനം ഉറപ്പിച്ച രാജസ്ഥാന്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇതില്‍ തോറ്റാലും എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമുമായി രാജസ്ഥാന് രണ്ടാം ക്വാളിഫയറില്‍ കളിക്കാനാകും. ഇതില്‍ ജയിച്ചാല്‍ ഫൈനലിലെത്താം.