IPL 2022 : വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍, കൂടാതെ രാജസ്ഥാനായി ഒരു റെക്കോര്‍ഡും; മിന്നിത്തിളങ്ങി ചാഹല്‍
പല മത്സരങ്ങളിലും ചാഹല്‍ മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുത്തു. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്.
മുംബൈ: മിക്ക ഐപിഎല്‍ (IPL 2022) സീസണിലും രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ലക്ഷണമൊത്ത ഒരു സ്പിന്നറില്ലാത്തതിന്റെ ക്ഷീണം അനുഭവിച്ചിച്ചുണ്ട്. ഇത്തവണ മെഗാതാരലേലത്തില്‍ ആ പരാതി രാജസ്ഥാന്‍ തീര്‍ക്കുകയും ചെയ്തു. ലോകോത്തര സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍ (R Ashwin), യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) എന്നിവരെ രാജസ്ഥാന്‍ ടീമിലെത്തിച്ചു. ഇതോടെ ടീമിന്റെ തലവര മാറി. അശ്വിന്‍ ഒരു ഭാഗത്ത് സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ചാഹല്‍ വിക്കറ്റ് വീഴ്ത്തികൊണ്ടേയിരുന്നു.
പല മത്സരങ്ങളിലും ചാഹല്‍ മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുത്തു. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഭാനുക രജപക്‌സയെ ആദ്യം ചാഹല്‍ പുറത്താക്കി. പിന്നീട് പതിനഞ്ചാം ഓവറില്‍ ജോണി ബെയര്‍സ്‌റ്റോ (56), മായങ്ക് അഗര്‍വാള്‍ (15) എന്നിവരുടെ വിക്കറ്റും ചാഹല്‍ നേടി.
ഇതോടെ ചെറിയൊരു റെക്കോര്‍ഡും ചാഹല്‍ സ്വന്തമാക്കി. രാജസ്ഥാന് വേണ്ടി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന സ്പിന്നറായിരിക്കുകയാണ് ചാഹല്‍. 2019ല്‍ 20 വിക്കറ്റ് സ്വന്തമാക്കിയിരുന്ന ശ്രേയസ് ഗോപാലിനെയാണ് ചാഹല്‍ പിന്തള്ളിയത്. നിലവില്‍ 22 വിക്കറ്റുകള്‍ ചാഹല്‍ സ്വന്തമാക്കിയിട്ടുണ്ട്. 11 മത്സരങ്ങളില്‍ 14.50 ശരാശരിയിലാണ് ഈ നേട്ടം. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും മറ്റൊരു നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ വിക്കറ്റ് വേട്ടയിലും ചാഹലാണ് മുന്നില്‍. 10 മത്സരങ്ങളില്‍ 18 വിക്കറ്റ് നേടിയ ഡല്‍ഹി കാപിറ്റല്‍സിന്റെ കുല്‍ദീപ് യാദവാണ് രണ്ടാമത്. 17.17-ാണ് കുല്‍ദീപിന്റെ ശരാശരി. ഇത്രയും തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയ പഞ്ചാബ് കിംഗ്‌സിന്റെ കഗിസോ റബാദ തൊട്ടടുത്ത് തന്നെയുണ്ട്.
ചാഹലിന്റെ മൂന്ന് വിക്കറ്റിനൊപ്പം യശസ്വി ജയ്‌സ്വാളിന്റെ 68 റണ്‍സ് കൂടിയായപ്പോള്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 190 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രാജസ്ഥാന്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അവസാന ഓവറുകളില്‍ ഷിംറോണ്‍ ഹെറ്റ്മയേറുടെ പ്രകടനവും (16 പന്തില്‍ പുറത്താവാതെ 31) നിര്‍ണായകമായി.
ജയ്‌സ്വാളിന് പുറമെ ജോസ് ബട്‌ലര്‍ (16 പന്തില്‍ 30), സഞ്ജു സാംസണ്‍ (12 പന്തില്‍ 23), ദേവ്ദത്ത് പടിക്കല്‍ (32 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്തില്‍ ഹെറ്റ്മയേര്‍ സിക്‌സ് നേടി. മൂന്നാം പന്തില്‍ സിംഗിളെടുത്ത് വിജയം പൂര്‍ത്തിയാക്കി.