Asianet News MalayalamAsianet News Malayalam

അവനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എടുക്കാനായിട്ടില്ല! ഐപിഎല്ലിലെ മികച്ച ബാറ്റര്‍മാരിലൊരാളെ കുറിച്ച് യുവരാജ്

അഭിഷേക് ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കളിക്കാന്‍ മാത്രം പക്വത കൈവരിച്ചിട്ടില്ലെന്നാണ് യുവരാജ് പറയുന്നത്.

yuvraj singh on abhishek sharma and his performance in ipl 2024
Author
First Published Apr 26, 2024, 6:31 PM IST

മൊഹാലി: ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളില്‍ ഒരാളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ. ഓപ്പണറായി കളിക്കുന്ന ഇടങ്കയ്യന്‍ ടീമിന് തകര്‍പ്പന്‍ പ്രകടനം നല്‍കാന്‍ മിടുക്കനാണ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം നിലവില്‍ 288 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ 12-ാം സ്ഥാനത്തുണ്ട്. 23കാരന്‍ ഐപിഎല്ലില്‍ എമേര്‍ജിംഗ് പ്ലെയറാവാനുള്ള സാധ്യത കൂടുതലാണ്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന് താരത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. ഇപ്പോള്‍ അഭിഷേകിന്റെ ഇന്ത്യന്‍ ടീം പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയാണ് യുവരാജ്. 

അഭിഷേക് ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കളിക്കാന്‍ മാത്രം പക്വത കൈവരിച്ചിട്ടില്ലെന്നാണ് യുവരാജ് പറയുന്നത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകളിങ്ങനെ... ''ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിസര പ്രദേശങ്ങളില്‍ അഭിഷേക് ഉണ്ട്. എന്നാല്‍ ലോകകപ്പില്‍ കളിക്കാന്‍ മാത്രമുള്ള പാകത അവന് ആയിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ലോകകപ്പിന് പരിചയ സമ്പന്നരായ നിരയെയാണ് ഒരുക്കേണ്ടത്. ശരിയാണ് ചില താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം അവന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തയ്യാറായിരിക്കണം. അതിലാണ് അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അടുത്ത ആറ് മാസങ്ങള്‍ അഭിഷേഖിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.'' യുവരാജ് പറഞ്ഞു.

വേഗക്കാരന്‍ പേസര്‍ രാജസ്ഥാനായി തിരിച്ചെത്തും! സഞ്ജുവിന് നിര്‍ണായകം, പ്ലേഓഫ് ഉറപ്പാക്കാന്‍ നാളെ ലഖ്‌നൗവിനെതിരെ

അഭിഷേകിന്റെ ഐപിഎല്‍ പ്രകടനത്തെ കുറിച്ചും യുവരാജ് സംസാരിച്ചു. ''അവന്റെ പ്രകടനം തീര്‍ച്ചയായും മികച്ചതാണ്. അസാധ്യമായ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. പക്ഷേ വലിയ സ്‌കോറുകള്‍ വന്നിട്ടില്ല. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ ഇതേ സ്‌ട്രൈക്ക് റേറ്റില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ സാധിക്കണം. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കരുത്ത് അഭിഷേകിനുണ്ട്. പക്ഷേ സിംഗിള്‍സ് എടുക്കാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും അഭിഷേക് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗളര്‍മാരെ നന്നായി കളിക്കാനാവുമെന്നുള്ള ആത്മവിശ്വസം അവന് വരണം.''യുവരാജ് പറഞ്ഞു.

ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡില്‍ നിന്ന് അഭിഷേകിന് പഠിക്കാന്‍ ഏറെയുണ്ടെന്ന് യുവരാജ് പറയുന്നു, പ്രത്യേകിച്ച് നല്ല തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റണമെന്നും യുവരാജ് കൂട്ടിചേര്‍ത്തു.

Follow Us:
Download App:
  • android
  • ios