'ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നത്', ഹർഷിതിനെ ട്രോളിയ മിച്ചല്‍ സ്റ്റാര്‍ക്കിന് മറുപടിയുമായി ജയ്സ്വാള്‍
ഓപ്പണിംഗ് സ്പെല്ലില്‍ മൂന്നോവര്‍ പന്തെറിഞ്ഞ വിക്കറ്റൊന്നും വീഴ്ത്താനാവാഞ്ഞതോടെ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് മിച്ചല്‍ സ്റ്റാര്‍ക്കിനെ പിന്‍വലിച്ചിരുന്നു.
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ പേസര്‍ ഹര്‍ഷിത് റാണയെ ട്രോളിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മറുപടിയുമായി ഇന്ത്യൻ താരം യശസ്വി ജയ്സ്വാള്‍. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിൽ മിച്ചല്‍ സ്റ്റാര്‍ക്ക് ബാറ്റ് ചെയ്യുന്നതിനിടെ തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞ് പരീക്ഷിച്ചപ്പോള്‍ നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്കാവും, ഓര്‍മയുണ്ടല്ലോ അല്ലെ എന്ന് പറഞ്ഞ് സ്റ്റാര്‍ക്ക് ഹര്‍ഷിതിനെ പ്രകോപിപ്പിക്കാന്‍ നോക്കിയിരുന്നു.
എന്നാല്‍ അവസാനം സ്റ്റാര്‍ക്കിന്‍റെ വിക്കറ്റ് വീഴ്ത്തി ഹര്‍ഷിത് റാണ തന്നെ ഇതിന് മറുപടിയും നല്‍കി. ഇതിനുശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓസീസ് പേസ് നിരയെ ആത്മവിശ്വാസത്തോടെ നേരിട്ട ഇരുവരും ലഞ്ചിന് ശേഷമുള്ള സെഷനില്‍ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യയെ 84 റണ്‍സിലെത്തിക്കുകയും ചെയ്തു. ഓപ്പണിംഗ് സ്പെല്ലില്‍ മൂന്നോവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനാവാഞ്ഞതോടെ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് മിച്ചല്‍ സ്റ്റാര്‍ക്കിനെ പിന്‍വലിച്ചു.
പിന്നീട് പന്ത്രണ്ടാം ഓവറില്‍ വീണ്ടും സ്റ്റാര്‍ക്കിനെ പന്തേല്‍പ്പിച്ചെങ്കിലും രണ്ടാംവട്ടവും ഓസീസ് പേസര്‍ക്ക് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താനായില്ല. പിന്നീട് പതിനേഴാം ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ സ്റ്റാര്‍ക്കിനെ ജയ്സ്വാള്‍ ബൗണ്ടറി കടത്തി. ബൗണ്ടറിയടിച്ചശേഷമുള്ള അടുത്ത പന്തില്‍ ബീറ്റണായതോടെ ജയ്സ്വാളിനെ നോക്കി ചിരിച്ചു മടങ്ങിയ സ്റ്റാര്‍ക്കിന്‍റെ അടുത്ത പന്ത് പ്രതിരോധിച്ചശേഷം ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നതെന്ന് ജയ്സ്വാള്‍ സ്റ്റാർക്കിനെ നോക്കി വിളിച്ചു പറഞ്ഞത്. ജയ്സ്വാളിന്‍റെ കമന്‍റിന് ചിരി മാത്രമായിരുന്നു സ്റ്റാര്‍ക്കിന്‍റെ മറുപടി.
#YashasviJaiswal didn't hesitate! 😁
— Star Sports (@StarSportsIndia) November 23, 2024
"It’s coming too slow!" - words no fast bowler ever wants to hear! 👀
📺 #AUSvINDOnStar 👉 1st Test, Day 2, LIVE NOW! #AUSvIND #ToughestRivalry pic.twitter.com/8eFvxunGGv
അടുത്ത ഓവര്‍ എറിയാനെത്തിയപ്പോള്‍ ജയ്സ്വാള്‍ സ്ക്വയര്‍ ലെഗ്ഗിലൂടെ സ്റ്റാര്‍ക്കിനെ വീണ്ടും ബൗണ്ടറി കടത്തുകയും ചെയ്തു. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചാണ് ജയ്സ്വാള്‍ പൂജ്യനായി പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക