'വിരാട് കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ്'; വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം
കൈയില്‍ പന്തില്ലാതെ പന്ത് എറിയുന്നതുപോലെ കാണിച്ച കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ് തന്നെയാണ്. അമ്പയര്‍മാര്‍ അത് കണ്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ അഞ്ച് റണ്‍സ് പിഴ വീഴുമായിരുന്നു.
ദില്ലി: ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെ വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ നൂറുൽ ഹസന്‍റെ ആരോപണം ശരിവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ബാറ്റര്‍ ചതിക്കപ്പെട്ടോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും വിരാട് കോലിയുടേത് ഫേക്ക് ഫീല്‍ഡിംഗിനുള്ള ശ്രമമായിരുന്നുവെന്നും ഇന്ത്യ അഞ്ച് റണ്‍സ് പിഴ അര്‍ഹിച്ചിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ അഞ്ച് റണ്‍സിനാണ് ജയിച്ചത് എന്നത് കണക്കിലെടുക്കുമ്പോഴാണ് ബംഗ്ലാദേശിന്‍റെ ആരോപണം പ്രസക്തമാകുന്നത്.
കൈയില്‍ പന്തില്ലാതെ പന്ത് എറിയുന്നതുപോലെ കാണിച്ച കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ് തന്നെയാണ്. അമ്പയര്‍മാര്‍ അത് കണ്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ അഞ്ച് റണ്‍സ് പിഴ വീഴുമായിരുന്നു. ഇത്തവണ നമ്മള്‍ രക്ഷപ്പെട്ടു. പക്ഷെ അടുത്ത തവണ അമ്പയര്‍മാര്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ നോക്കും. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് താരങ്ങളുടെ ആരോപണം ശരിയാണ്. പക്ഷെ കളി നടക്കുന്ന സമയത്ത് ഇതാരം ശ്രദ്ധിച്ചില്ല. അതുകൊണ്ടുതന്നെ ഇനി അതിലൊന്നും ചെയ്യാനില്ല-ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ബംഗ്ലാദശിനിതെരായ പോരാട്ടത്തില്‍ മഴ വില്ലനായെത്തിയ മത്സരത്തില്‍ അഞ്ച് റണ്‍സിന്‍റെ നിര്‍ണായകമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇരുടീമുകളും മികച്ച പോരാട്ടം തന്നെ അഡ്‍ലെയ്ഡില്‍ നടത്തിയപ്പോള്‍ ബൗളര്‍മാരുടെ ഗംഭീരമായ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ബംഗ്ലാദേശിന് 14 റണ്‍സെ നേടാനായുള്ളു. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 67 റണ്‍സെടുത്ത് നില്‍ക്കെ മഴ എത്തി.
ഈ സമയം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ജയിക്കാന്‍ ആവശ്യമായ സ്കോറിനേക്കാള്‍ 17 റണ്‍സിന് മുമ്പിലായിരുന്നു ബംഗ്ലാദേശ്. പിന്നീട് മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശ് ലക്ഷ്യം 16 ഓവറില്‍ 154 റണ്‍സായി പുനര്‍നിര്‍ർണയിച്ചു. ഔട്ട് ഫീല്‍ഡിലെ നനന് പരിഗണിക്കാതെ ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബംഗ്ലാദേശിനെ വീണ്ടും കളിക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.