രോഹിത്തിന് മുന്നറിയിപ്പ്, ജയ്‌സ്വാള്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്ക്! സഞ്ജു പുറത്തായേക്കും
ബോര്‍ഡര്‍ ഗവാവസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. 10 ഇന്നിംഗ്‌സുകളില്‍ 391 റണ്‍സ് നേടിയ ജയ്‌സ്വാള്‍ റണ്‍വേട്ടക്കാരില്‍ ട്രാവിസ് ഹെഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായി.
മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ബാക്ക് അപ്പ് ഓപ്പണറായിട്ടായിരിക്കും ജയ്‌സ്വാള്‍ ടീമിലെത്തുക. ഇത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭമാന്‍ ഗില്‍ എന്നിവര്‍ക്കുള്ള മുന്നറിയിപ്പായിട്ടും കാണും. ടി20 - ടെസ്റ്റ് ഫോര്‍മാറ്റില്‍ ജയ്‌സ്വാള്‍ സ്ഥിരമാണെങ്കിലും ഇതുവരെ ഏകദിനത്തില്‍ കളിച്ചിട്ടില്ല. ഒരുപക്ഷേ, ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ പരീക്ഷിച്ചേക്കാം.
ബോര്‍ഡര്‍ ഗവാവസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. 10 ഇന്നിംഗ്‌സുകളില്‍ 391 റണ്‍സ് നേടിയ ജയ്‌സ്വാള്‍ റണ്‍വേട്ടക്കാരില്‍ ട്രാവിസ് ഹെഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായി. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം കണ്ടില്ലെന്ന് നടിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് സാധിക്കില്ല. ഈ മാസം 12 ചാംപ്യന്‍സ് ട്രോപിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷീദ് സിംഗ് എന്നിവരേയും ടീമിലേക്ക്് പരിഗണിക്കും. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിക്കുന്ന ടീം തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിക്കും തിരഞ്ഞെടുക്കുക.
എന്നാല്‍ ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇംഗണ്ടിനെതിരെ ടി20-ഏകദിന പരമ്പരയില്‍ അദ്ദേഹം കളിക്കില്ല. മുഹമ്മദ് സിറാജിനെ ഇംഗ്ലണ്ടിനെതിരായ ടി20 ടീമില്‍ ഉള്‍പ്പെടുത്തില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളും കളിച്ച താരമാണ് സിറാജ്. അതുകൊണ്ടുതന്നെ വിശ്രമം നല്‍കും. എന്നാല്‍ ഏകദിന പരമ്പരയിലും പിന്നാലെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലും സിറാജ് ഉണ്ടാവും.
ജയ്‌സ്വാള്‍ വരുന്നതോടെ ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാമെന്നുള്ള മലയാളി താരം സഞ്ജു സാംസണിന്റെ മോഹം നടക്കില്ലെന്ന് പറയാം. രോഹിത്, ഗില്‍, ജയ്‌സ്വാള്‍ എന്നിവരായിരിക്കും ടീമിലെ ഓപ്പണര്‍മാര്‍. മധ്യനിരയില്‍ സഞ്ജുവിന് ഇടമുണ്ടാകില്ല. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ക്കായിരിക്കും പരിഗണന.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ് ഇവരില്‍ നിന്ന്: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.