ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി, ഒന്നാം സ്ഥാനം നഷ്ടമായി; ഫൈനലിലെത്താൻ ഇനി വിയർക്കും

ന്യൂസിലന്‍ഡ് ഇന്ത്യയെ തൂക്കുവാരിയതോടെ എതിരാളികളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഓരോ ടീമിനും ഫൈനലിലെത്താനുള്ള സാധ്യതകള്‍ എങ്ങനെയെന്ന് പരിശോധിക്കാം.

WTC Point Table and Final scenario of Each Teams after New Zealand clean sweeps India in Mumbai Test

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. മുംബൈ ടെസ്റ്റിലും ന്യൂസിലന്‍ഡിനോട് തോറ്റതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 14 കളികളില്‍ 58.33 പോയന്‍റ് ശതമാനവുമായാണ് ഇന്ത്യ രണ്ടാമതായത്. 62.50 പോയന്‍റ് ശതമാനവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയിരുന്ന ശ്രീലങ്ക 55.56 പോയന്‍റ് ശതമാനവുമായി ഇന്ത്യക്ക് തൊട്ടു പിന്നില്‍ മൂന്നാമതുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരിയതോടെ ന്യൂസിലന്‍ഡ് 54.55 പോയന്‍റ് ശതമാവുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂക്കിയ ദക്ഷിണാഫ്രിക്ക 54.17 പോയന്‍റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തുണ്ട്.

'എന്‍റെ പിഴ, ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തിളങ്ങാനായില്ല', കുറ്റസമ്മതം നടത്തി രോഹിത് ശർമ

ന്യൂസിലന്‍ഡ് ഇന്ത്യയെ തകര്‍ത്തതോടെ എതിരാളികളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഓരോ ടീമിനും ഫൈനലിലെത്താനുള്ള സാധ്യതകള്‍ എങ്ങനെയെന്ന് പരിശോധിക്കാം.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും തോറ്റതോടെ ഇന്ത്യക്ക് മുന്നില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് അവശേഷിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ അഞ്ചില്‍ നാലു ടെസ്റ്റെങ്കിലും ജയിച്ചാലെ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഇനി ഫൈനലിലെത്താനാവു.

ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാണ്. ഇന്ത്യക്കെതിരെ നാട്ടില്‍ അഞ്ച് ടെസ്റ്റും ശ്രീലങ്കക്കെതിരെ രണ്ട് എവേ ടെസ്റ്റും ഉള്‍പ്പെടെ ഏഴ് ടെസ്റ്റാണ് ഓസീസിന് അവശേഷിക്കുന്നത്. ഇതില്‍ അഞ്ച് ജയങ്ങളെങ്കിലും നേടിയാല്‍ ഓസ്ട്രേലിയക്കും എതിരാളികളുടെ മത്സരഫലം ആശ്രയിക്കാതെ ഫൈനല്‍ യോഗ്യത നേടാം. ഇന്ത്യക്കെതിരെ മൂന്നും ശ്രീലങ്കക്കെതിരെ രണ്ടും ടെസ്റ്റുകളില്‍ ജയിച്ചാല്‍ ഓസീസ് ഫൈനലിലെത്തുമെന്ന് ചുരുക്കം.

പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും കാര്യങ്ങള്‍ കടുപ്പമാണ്. അവശേഷിക്കുന്ന നാലു ടെസ്റ്റുകളില്‍ നാലും ജയിച്ചാലെ ശ്രീലങ്കക്ക് എതിരാളികളുടെ മത്സരഫലം ആശ്രയിക്കാതെ ഫൈനലിലെത്താനാവു. ഇതില്‍ ദക്ഷിണാഫ്രിക്കക്കെതിരെ എവേ പരമ്പരയും ഓസ്ട്രേലിയക്കെതിരെ ഹോം സീരീസുമാണ്. രണ്ട് ടീമുകള്‍ക്കെതിരെ രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലാണ് ശ്രീലങ്ക കളിക്കുന്നത്.

ഇന്ത്യക്കെതിരായ പരമ്പര നേട്ടത്തോടെ നാലാം സ്ഥാനത്തെത്തിയെങ്കിലും ന്യൂസിലന്‍ഡിനും ഇനിയൊരു തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റുകളടങ്ങിയ ഹോം സീരിസാണ് ന്യൂസിലന്‍ഡിന് ബാക്കിയുള്ളത്. ഈ മൂന്ന് ടെസ്റ്റിലും ജയിച്ചാല്‍ ന്യൂസിലന്‍ഡിനും എതിരാളികളുടെ ഫലം ആശ്രയിക്കാതെ ഫൈനലിലെത്താം.

അഞ്ചാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇനി കളിക്കാനുള്ളത് രണ്ടും ഹോം സീരീസുകളാണ്. ഒന്നില്‍ എതിരാളികള്‍ ശ്രീലങ്കയും രണ്ടാമത്തേതില്‍ പാകിസ്ഥാനുമാണ്. ഈ രണ്ട് പരമ്പരകളും തൂത്തുവാരിയാല്‍ ദക്ഷിണാഫ്രിക്കക്കും എതിരാളികളുടെ മത്സരം ഫലം ആശ്രയിക്കാതെ ഫൈനല്‍ കളിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios