ഫൈനലുറപ്പിച്ചോ ഇന്ത്യ?; ബംഗ്ലാദേശിനെതിരായ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ലീഡുയർത്തി രോഹിത്തും സംഘവും
ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് നാലാം സ്ഥാനത്തായിരുന്ന ബംഗ്ലാദേശ് ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണു.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തുടക്കമിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം ഒന്നു കൂടി ഉറപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിനെതിരായ ജയത്തോടെ 10ല്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ 71.67 വിജയശതമാനവും 86 പോയന്‍റുമായാണ് ഒന്നാം സ്ഥാനം ഉറപ്പാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ വിജയത്തിലേക്ക് ബാറ്റുവീശുന്ന ന്യൂസിലന്‍ഡാണ് മൂന്നാം സ്ഥാനത്ത്. ആറ് ടെസ്റ്റില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള കിവീസ് 36 പോയന്‍റും 50 വിജയശതമാവുമായാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
അതേസമയം ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് നാലാം സ്ഥാനത്തായിരുന്ന ബംഗ്ലാദേശ് ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണു. ഏഴ് ടെസ്റ്റില്‍ മൂന്ന് ജയവും നാലു തോല്‍വിയും അടക്കം 42.86 വിജയശതമാനവും 36 പോയന്‍റുമുള്ള ശ്രീലങ്കയാണ് നാലാമത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് 16 ടെസ്റ്റുകളില്‍ എട്ട് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമായി 81 പോയന്‍റും 42.19 വിജയശതമാവുമായി അഞ്ചാമതാണ്.
Is This Comparison Exists....? 🤔 #IndVsBan #WTC25 pic.twitter.com/HTn2ybIcjJ
— Artistic Soul (@dr_artisticsoul) September 22, 2024
പാകിസ്ഥാനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യയിലെത്തിയ ബംഗ്ലാദേശിന് ഏഴ് ടെസ്റ്റില്‍ മൂന്ന് ജയവും നാലു തോല്‍വിയും അടക്കം 33 പോയന്‍റും 39.38 വിജയശതമാനവുമാണ് ഉള്ളത്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. കാണ്‍പൂരില്‍ 27ന് തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്ക് ലീഡുയര്‍ത്താനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക