74 റണ്‍സിന്‍റെ കൂറ്റന്‍ ജയം; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍, ദീപ്‌തി ശര്‍മ്മ ഹീറോ

മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ക്കൂടി തായ്‌ലന്‍ഡിന് കനത്ത പ്രഹരം തുടക്കത്തിലെ ഏല്‍പിക്കുകയായിരുന്നു ദീപ്‌തി ശര്‍മ്മ

Womens Asia Cup T20 2022 India Women won by 74 runs against Thailand Women and enter final

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ആദ്യ സെമിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേയായുള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്‌തി ശര്‍മ്മയും രണ്ട് പേരെ പുറത്താക്കി രാജേശ്വരി ഗെയ്‌ക്‌വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്‌നേഹ് റാണയും ഷെഫാലി വര്‍മ്മയുമാണ് തായ്‌ലന്‍ഡിനെ തോല്‍പിച്ചത്. 

മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ക്കൂടി തായ്‌ലന്‍ഡിന് കനത്ത പ്രഹരം തുടക്കത്തിലെ ഏല്‍പിക്കുകയായിരുന്നു ദീപ്‌തി ശര്‍മ്മ. കഴിഞ്ഞ മത്സരത്തിലെ തനിയാവര്‍ത്തനം പോലെ ദീപ്‌തിയുടെ പന്തുകള്‍ തായ്‌ലന്‍ഡ് മുന്‍നിരയെ വരിഞ്ഞുമുറുക്കി. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് പിഴുതെറിയല്‍ തുടങ്ങിയ ദീപ്‌തി 6.1 ഓവറില്‍ 18-3 എന്ന ദുരന്തത്തിലേക്ക് തായ്‌ലന്‍‌ഡിനെ തള്ളിവിട്ടു. നാല് ഓവര്‍ പന്തെറിഞ്ഞ ദീപ്‌തി ശര്‍മ്മ ഒരു മെയ്‌ഡനടക്കം വെറും 7 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കി. പിന്നാലെ രാജേശ്വരി ഗെയ്‌ക്‌വാദും പന്തുകൊണ്ട് മായാജാലം കാട്ടി. 

നന്നപാത് കൊഞ്ചാരോന്‍കൈ(10 പന്തില്‍ 5), നത്താകന്‍ ചന്ദാം(14 പന്തില്‍ 4), സോര്‍നരിന്‍ ടിപ്പോ(10 പന്തില്‍ 5), ചനിന്ദ സത്തിരുവാങ്(7 പന്തില്‍ 1), നത്തായ ബൂച്ചതം(29 പന്തില്‍ 21), റോസ്‌നന്‍ കൊനാ(4 പന്തില്‍ 5), നരൂമല്‍ ചവായ്(41 പന്തില്‍ 21), ഫന്നിതാ മായ(1 പന്തില്‍ 0), ഒന്നിച്ച കമചോംഫൂ(4 പന്തില്‍ 2)  എന്നിങ്ങനെയായിരുന്നു തായ്‌ലന്‍ഡ് വനിതകളുടെ സ്‌കോറുകള്‍. പുത്തവോങ്ങും തിപച്ചയും പുറത്താവാതെ നിന്നു. രാജേശ്വരി ഗെയ്‌ക്‌വാദിന് ഹാട്രിക് നേടാനുള്ള സുവര്‍ണാവസരം നഷ്‌ടമായത് മാത്രമാണ് ഏക നിരാശ. 

ഷെഫാലിത്തിളക്കം

നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റിന് 148 റണ്‍സെടുക്കുകയായിരുന്നു മികച്ച തുടക്കം അവസാന ഓവറുകളില്‍ തുടരാനാവാതെ വന്നതാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറില്‍ നിന്ന് തടുത്തത്. ആദ്യ വിക്കറ്റില്‍ ഷെഫാലി വര്‍മ്മ-സ്‌മൃതി മന്ഥാന സഖ്യം 4.3 ഓവറില്‍ 38 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യക്ക് തുടക്കം മോശമായില്ല. 14 പന്തില്‍ 13 റണ്‍സെടുത്ത് നില്‍ക്കേ മന്ഥാന മടങ്ങിയെങ്കിലും 10-ാം ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ ഷെഫാലിക്ക് 28 പന്തില്‍ 42 റണ്‍സുണ്ടായിരുന്നു. ഇതിന് ശേഷം മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ജെമീമ റോഡ്രിഗസ്-ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ 13-ാം ഓവറില്‍ 100 കടത്തി. പിന്നാലെ ജെമീമ(25 പന്തില്‍ 27) മടങ്ങി. 

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന് കളംപിടിക്കാനാവാതെ പോയത് തിരിച്ചടിയായി. റിച്ചയ്ക്ക് 5 പന്തില്‍ 2 റണ്‍സ് മാത്രമേയുള്ളൂ. അവസാന ഓവറുകളില്‍ പൂജ വസ്‌ത്രക്കറിനെ കൂട്ടുപിടിച്ച് പോരാട്ടം നടത്താനുള്ള ഹര്‍മന്‍പ്രീത് കൗറിന്‍റെ ശ്രമം അത്രകണ്ട് വിജയിച്ചില്ല. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഭാഗ്യം ക്യാച്ചിന്‍റെ രൂപത്തില്‍ ഹര്‍മന് തുണയായെത്തിയെങ്കിലും തൊട്ടടുത്ത ബോളില്‍ ക്യാച്ചിലൂടെ തന്നെ താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. 29 പന്തില്‍ 36 റണ്‍സായിരുന്നു ഹര്‍മന്‍റെ സമ്പാദ്യം. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ദീപ്‌തി ശര്‍മ്മ(0) പുറത്തായതോടെ സ്കോര്‍ 148ല്‍ ഒതുങ്ങി. പൂജ വസ്‌ത്രക്കര്‍ 13 പന്തില്‍ 17* പുറത്താവാതെ നിന്നു. 

ഏഷ്യാ കപ്പ്: ഷെഫാലി വെടിക്കെട്ട്; തായ്‌ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 148 റണ്‍സ്

Latest Videos
Follow Us:
Download App:
  • android
  • ios