ഡല്‍ഹി കാപിറ്റല്‍സില്‍ റിഷഭ് പന്തിന്‍റെ 'സാന്നിധ്യ'മുണ്ടാവും!; ഉറപ്പുനല്‍കി റിക്കി പോണ്ടിംഗ്
അവനാണ് ഡല്‍ഹി ടീമിന്‍റെ ഹൃദയവും ആത്മാവും. അവനൊരു ഡല്‍ഹിക്കാരനാണ്. ഞങ്ങളുടെ നേതാവ്, പക്ഷെ ഇപ്പോള്‍ അവന്‍ ടീമിനൊപ്പമില്ല. എന്നാല്‍ അവനെക്കുറിച്ച് ഞങ്ങള്‍ എത്രമാത്രം ചിന്തിക്കുന്നുവെന്നും അവനെ ഞങ്ങള്‍ എത്രമാത്രം മിസ് ചെയ്യുന്നുവെന്നും ആരാധകരെ അറിയിക്കാനും ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്.
ദില്ലി: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന്‍റെ സാന്നിധ്യം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി പരിശീലകന്‍ റിക്കി പോണ്ടിംഗ്. ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയ പാതയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് ഇപ്പോഴും ചികിത്സയിലാണ്. ക്രച്ചസിന്‍റെ സഹായമില്ലാതെ നടക്കാറായിട്ടില്ലാത്ത റിഷഭ് പന്തിന് ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്ടമാകുകയും ചെയ്യും.
എന്നാല്‍ പന്തിന്‍റെ സാന്നിധ്യം ഉറപ്പുവരുത്താനായി അദ്ദേഹത്തിന്‍റെ ജേഴ്സി നമ്പര്‍ എല്ലാ കളിക്കാരുടെ ജേഴ്സിയിലും തൊപ്പിയിലും പ്രിന്‍റ് ചെയ്യുമെന്ന് പോണ്ടിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം ഡല്‍ഹി ടീം മാനേജരോട് സംസാരിച്ചിരുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി. പന്തിന് നേരിട്ട് ടീമിനൊപ്പം ചേരാന്‍ പരിമിതികളുണ്ട്. അത് മറികടക്കാനുള്ള വഴികളാണ് ഞങ്ങള്‍ ആലോചിച്ചത്. അതുകൊണ്ടുതന്നെ പന്തിന്‍റെ ജേഴ്സി നമ്പര്‍ കളിക്കാരുടെ ജേഴ്സികളിലും തൊപ്പികളിലും പ്രിന്‍റ് ചെയ്യുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്.
കാരണം, അവനാണ് ഡല്‍ഹി ടീമിന്‍റെ ഹൃദയവും ആത്മാവും. അവനൊരു ഡല്‍ഹിക്കാരനാണ്. ഞങ്ങളുടെ നേതാവ്, പക്ഷെ ഇപ്പോള്‍ അവന്‍ ടീമിനൊപ്പമില്ല. എന്നാല്‍ അവനെക്കുറിച്ച് ഞങ്ങള്‍ എത്രമാത്രം ചിന്തിക്കുന്നുവെന്നും അവനെ ഞങ്ങള്‍ എത്രമാത്രം മിസ് ചെയ്യുന്നുവെന്നും ആരാധകരെ അറിയിക്കാനും ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്.
ഐപിഎല്‍: കൊല്‍ക്കത്തക്കും ടീം ഇന്ത്യക്കും ആശ്വാസ വാര്‍ത്ത; സൂപ്പര്‍ താരം തിരിച്ചെത്തും
അതിനുപുറമെ ഡല്‍ഹിയുടെ ഹോം മത്സരങ്ങളിലെങ്കിലും ഡഗ് ഔട്ടില്‍ അവന്‍ എന്‍റെ അടുത്തിരിക്കണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും നല്ല കാര്യമാകും അത്, അതിനും കഴിഞ്ഞില്ലെങ്കില്‍ ഇങ്ങനെയെങ്കിലും അവനെ ടീമിന്‍റെ ഭാഗമാക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. ഏപ്രില്‍ ഒന്നിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ മത്സരം. റിഷഭ് പന്തിന്‍റെ ആഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഇത്തവണ ഡല്‍ഹിയെ നയിക്കുന്നത്.