എന്തുകൊണ്ട് സഞ്ജു സാംസണ്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടും? അഞ്ച് കാരണങ്ങളിതാ
സഞ്ജു കേരളത്തില്‍ വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നത് കനത്ത തിരിച്ചടിയാവും.
മുംബൈ: ഈ മാസം 12ന് മുമ്പാണ് ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം സമര്‍പ്പിക്കേണ്ടത്. ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിച്ച മിക്ക സീനിയര്‍ താരങ്ങളും ടീമില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പാണ്. നേരത്തെ, ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രോഹിത് ശര്‍മ തന്നെ ക്യാപ്റ്റനാവുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. മിക്കവാറും ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കാനും സാധ്യതയേറെ. വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ടി20യില്‍ സ്ഥിരമായ മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പുറത്തിരിക്കേണ്ടി വരുമെന്ന വിവരങ്ങളും വരുന്നുണ്ട്. എന്തുകൊണ്ട് സഞ്ജു പുറത്തിരിക്കുമെന്നുള്ളതിന് ചില കാരണങ്ങള്‍ പരിശോധിക്കാം.
1. വിജയ് ഹസാര കളിച്ചില്ല
സഞ്ജു കേരളത്തില്‍ വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നത് കനത്ത തിരിച്ചടിയാവും. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് ശേഷം സഞ്ജു വിട്ടുനില്‍ക്കുകയായിരുന്നു. വയനാട്ടില്‍ നടന്ന പരിശീലന ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് മാത്രമെ കേരള ടീമില്‍ ഇടം നല്‍കേണ്ടതെന്നുള്ള നിര്‍ബന്ധം കെസിഎയ്ക്കുണ്ടായിരുന്നു. എന്നാല്‍ സഞ്ജു ക്യാംപിനുണ്ടായിരുന്നില്ല. ക്യാംപില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണം സഞ്ജു വ്യക്തമാക്കിയിരുന്നില്ല എന്നാണ് കെസിഎയുടെ ഭാഷ്യം. എന്നാല്‍ വിജയ് ഹസാരെയില്‍ ആദ്യം മത്സരം മുതല്‍ കളിക്കാന്‍ തയ്യാറാണെന്ന് സഞ്ജു അറിയിച്ചിരുന്നു. കെസിഎ ആവട്ടെ യുവതാരങ്ങളിലും ക്യാംപില്‍ പങ്കെടുത്തവരേയും കളിപ്പിച്ചാല്‍ മതിയെന്നായി. എല്ലാ ഇന്ത്യന്‍ താരങ്ങളും ആഭ്യന്തര മത്സരങ്ങല്‍ കളിക്കണമെന്ന് ബിസിസിഐ നിര്‍ബന്ധം പിടിക്കുന്ന സമയം കൂടിയാണിത്. ഈയൊരു സാഹചര്യത്തില്‍ സഞ്ജു കളിക്കാതിരുന്നത് തിരിച്ചടിയാവും.
2. സീനിയര്‍ താരങ്ങള്‍ക്ക് പരിഗണന
സെലക്ഷന്‍ കമ്മിറ്റി പ്രധാനമായും സീനിയര്‍ താരങ്ങളെ പരിഗണിക്കും. ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ ധാരാളം താരങ്ങളുണ്ട്. ടി20 ക്രിക്കറ്റില്‍ ഓപ്പണിംഗ് റോള്‍ ഉറപ്പിച്ച താരമാണ് സഞ്ജു. ഏകദിനത്തിലും അതേ റോള്‍ സഞ്ജുവിനെ തേടിവന്നേക്കും. എന്നാല്‍ അതിപ്പോഴല്ല, ചാംപ്യന്‍സ് ട്രോഫിക്ക് ശേഷമാണമെന്ന് മാത്രം. നിലവില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടോപ് ഓര്‍ഡറില്‍ കളിക്കാനുണ്ട്. കൂടാതെ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി വളര്‍ത്തികൊണ്ടു വരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇപ്പോള്‍ ഏകദിന ടീമില്‍ സ്ഥിരപ്പെടുത്തിയേക്കില്ല.
3. റിഷഭ് പന്ത് - കെ എല്‍ രാഹുല്‍
വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് പന്തും രാഹുലും വെല്ലുവിളി ഉയര്‍ത്തും. ഇരുവരും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പന്ത് ഫോമിലല്ലെങ്കില്‍ പോലും ബിസിസിഐ കൈവിടില്ല. ഗില്ലിന്റെ കാര്യം പറഞ്ഞത് പോലെ പന്തിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അതിനിടെ സഞ്ജുവിനെ ടീമിലെടുക്കുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. രാഹുല്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കും.
4. മധ്യനിര ശക്തം
മധ്യനിരയിലും സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. വിജയ് ഹസാരെ ട്രോഫി കളിച്ച ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണ്. നാലാം നമ്പര്‍ അദ്ദേഹം ഉറപ്പിച്ചിട്ടിരിക്കുകയാണ്. കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, പേസ് ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, റിയാന്‍ പരാഗ് എന്നിവര്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇവരെ മറികടന്ന് മുന്നേറാനുള്ള പ്രകടനം അടുത്തകാലത്ത് സഞ്ജു നടത്തിയിട്ടില്ലതാനും.
5. ഗംഭീറിന്‍റെ വാശി
കഴിഞ്ഞ ദിവസം കൂടി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൌതം ഗംഭീര്‍ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ 3-1ന് പരാജയപ്പെട്ടതിന് ശേഷമാണ് ഗംഭീര്‍ സംസാരിച്ചത്. അദ്ദേഹത്തിന് സീനിയറെന്നോ ജൂനിയറെന്നോ ഇല്ലാതെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര സീസണ്‍ കളിക്കണമെന്ന നിര്‍ബന്ധമുണ്ട്. സഞ്ജു വിജയ് ഹസാരെയില്‍ വിട്ടുനിന്ന സാഹചര്യത്തില്‍ അത് ചര്‍ച്ചയാകും.