'തീരുമാനം അദ്ദേഹത്തിന്‍റെതായിരുന്നു'; രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കാതിരിക്കാനുള്ള കാരണം പറഞ്ഞ് ബുമ്ര

രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന്‍റെ അഭാവത്തില്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.

why rohit sharma excluded for sydney test squad jasprit bumrah explains

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ ആരംഭിച്ച അവസാന ടെസ്റ്റില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അദ്ദേഹം കളിക്കില്ലെന്ന് ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന്‍റെ അഭാവത്തില്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്‌പോട്ടിലേക്ക് തിരിച്ചെത്തി. രോഹിത് പുറത്തിരിക്കുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്നുള്ള ചോദ്യത്തില്‍ പ്രധാന കോച്ച് ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല.

ഇപ്പോള്‍ എന്തുകൊണ്ട് രോഹിത് പുറത്തായെന്ന് പറയുകയാണ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. വിശ്രമമെടുക്കാന്‍ രോഹിത് സ്വയം തീരുമാനിക്കുകയായിരുന്നു എന്ന് ബുമ്ര വ്യക്തമാക്കി. ബുമ്ര ടോസിന് ശേഷം പറഞ്ഞതിങ്ങനെ... ''ഞങ്ങളുടെ ക്യാപ്റ്റന്‍ വിശ്രമമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം തന്നെയാണ് ടീമിന്റെ ഐക്യം.'' ബുമ്ര വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കാരണവും ബുമ്ര പറഞ്ഞു. ''ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മെല്‍ബണിലെ മത്സരവും നല്ലതായിരുന്നു. പിച്ചിലെ പുല്ല് അത്ര പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നുന്നില്ല.'' ബുമ്ര കൂട്ടിചേര്‍ത്തു. 

രോഹിത് ശര്‍മയില്ല! ഓസീസിനെതിരെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്, ഇരു ടീമിലും മാറ്റം; ഗില്‍ തിരിച്ചെത്തി

രോഹിത്തിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് കരുതുന്നത്. ടീം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുയാണെങ്കില്‍ മാത്രം വിടവാങ്ങല്‍ ടെസ്റ്റ് കളിച്ചേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിഡ്‌നിയില്‍ ജയിച്ചാല്‍ പോലും ഫൈനലിലെത്തുക ഇന്ത്യക്ക് പ്രയാസമാണ്. അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാകട്ടെ 6.2 മാത്രമാണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി. ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുമ്ര ടീമിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചപ്പോള്‍ രോഹിത് മടങ്ങിയെത്തിയശേഷം കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ ബ്രിസ്‌ബേനില്‍ മഴയുടെ ആനുകൂല്യത്തില്‍ സമനില നേടി. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പ് നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോറ്റ് നാണക്കേടിന്റെ റെക്കോര്‍ഡും രോഹിത്തിന്റെ തലയിലായി. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇനി ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയുള്ളത്. അതിന് ആറു മാസം ബാക്കിയുണ്ടെന്നതിനാല്‍ രോഹിത്തിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടി20 ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത്  അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റിനോടും വിടപറയുമെന്നാണ് കരുതുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios