ബിസിസിഐ പറഞ്ഞിട്ടും രഞ്ജി ട്രോഫിയില്‍ കളിക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇഷാൻ കിഷൻ
ഇക്കാര്യങ്ങളൊന്നും എന്‍റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ അല്ലാതെ ആര്‍ക്കും മനസിലായില്ലെന്ന് മാത്രം. അതുകൊണ്ടാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ ഒരു ഇടവേള എടുത്തത്.
മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള നിര്‍ദേശം അനുസരിക്കാത്തതിന് ബിസിസിഐ കരാര്‍ നഷ്ടമായതിനെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് ഇന്ത്യൻ താരം ഇഷാൻ കിഷന്‍. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ടീമിലും പിന്നാലെ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ടീമിലുണ്ടായിരുന്ന കിഷന്‍ വിശ്രമം ആവശ്യപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കിഷനോട് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ മാത്രമെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ നിര്‍ദേശിച്ചെങ്കിലും രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ കിഷന്‍ തയാറായില്ല.
പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ഒപ്പം ഐപിഎല്ലിനായി പരിശീലനം തുടങ്ങുകയും ചെയ്തു. ബിസിസിഐ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറാവാത്തതിനെത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്കൊപ്പം ഇഷാന്‍ കിഷന്‍റെയും വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു. ഐപിഎല്ലിലും കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷനെ പിന്നീട് ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി അതിന് പിന്നിലെ കാരണം തുറന്നു പറയുകയാണ് കിഷൻ.
അഭിഷേക് ശർമ സെഞ്ചുറിയടിച്ചത് ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റുകൊണ്ട്; കാരണം വ്യക്തമാക്കി യുവതാരം
മികച്ച പ്രകടനം നടത്തിയിട്ടും എനിക്ക് പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം. ടീം സ്പോര്‍ട്സില്‍ ഇതൊക്കെ സാധാരണമാണെന്ന് എനിക്കറിയാം. പക്ഷെ തുടര്‍ച്ചയായ യാത്രകള്‍ മൂലം എനിക്ക് ഭയങ്കരമായ യാത്രാക്ഷിണം അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഒരു ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും എന്‍റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ അല്ലാതെ ആര്‍ക്കും മനസിലായില്ലെന്ന് മാത്രം. അതുകൊണ്ടാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ ഒരു ഇടവേള എടുത്തത്.
ദേശീയ ടീമില്‍ നിന്ന് പുറത്തുപോകുന്നവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചാലെ വീണ്ടും ദേശീയ ടീമിലെത്താനാവു എന്നൊരു നിയമമുണ്ട്.അത് വളരെ ലളിതമായ സംഗതിയുമാണ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് പറയുന്നതിന് പിന്നിലെ യുക്തി എനിക്ക് മനസിലായില്ല. തുടര്‍ന്ന് കളിക്കാനായിരുന്നെങ്കില്‍ എനിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ തന്നെ കളിച്ചാല്‍ പോരെയെന്നും കിഷന്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ കുപ്പായത്തില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടായിരുന്നുവെന്നും കിഷന്‍ പറഞ്ഞു. അത് സങ്കടകരമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാം നല്ലതായിരുന്നുവെന്ന് ഞാന്‍ പറയില്ല. ആ സമയം എന്‍റെ മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ കടന്നുപോയിരുന്നു. എനിക്ക് മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം. ആഭ്യന്തര ക്രിക്കറ്റില്‍ അടുത്ത സീസണില്‍ ജാര്‍ഖണ്ഡിനായി കളിച്ച് മികവ് തെളിയിക്കുമെന്നും-കിഷന്‍ പറഞ്ഞു.