ദ്രാവിഡ് പറഞ്ഞത് പെരുംനുണയോ; ഇഷാന്‍ കിഷനെതിരെ അച്ചടക്ക നടപടി തന്നെ? അതൃപ്തി പുകഞ്ഞ് ബിസിസിഐ
അച്ചടക്ക നടപടിയുടെ ഭാഗമായല്ല ഇഷാനെ ടീമിൾ ഉൾപ്പെടുത്താതിരുന്നത് എന്നാണ് കോച്ച് രാഹുൽ ദ്രാവിഡിന്റെ വിശദീകരണം
മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് തഴഞ്ഞത് അച്ചടക്ക നടപടിയുടെ ഭാഗമായി എന്ന് സൂചന. ഇതോടെയാണ് മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചത്. അതേസമയം സെലക്ഷന് ലഭ്യമല്ലാതിരുന്നത് കൊണ്ടാണ് ഇഷാനെ അഫ്‌ഗാന്‍ പരമ്പരയ്ക്ക് ടീമിലുള്‍പ്പെടുത്താതിരുന്നത് എന്നാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം. ഇതോടെ ഇഷാന്‍റെ കാര്യത്തിലെ ആശയക്കുഴപ്പം തുടരുകയാണ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ട്വന്‍റി 20 പരമ്പരയ്ക്ക് ശേഷമാണ് ഇഷാൻ കിഷൻ മാനസിക തളർച്ച ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ഇഷാന് പകരം ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനെ ഉൾപ്പെടുത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ കളിക്കാൻ ഇഷാൻ കിഷൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ബിസിസിഐ പരിഗണിച്ചില്ല. ടീം വിട്ട ശേഷം ദുബായിയിലെ ഒരു പാർട്ടിയിലും ടെലിവിഷൻ ഗെയിം ഷോയിലും പങ്കെടുത്തതാണ് ബിസിസിഐയുടെ അതൃപ്തിക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ജിതേഷ് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസണും അഫ്‌ഗാനെതിരായ ടി20 പരമ്പരയില്‍ അവസരം കിട്ടി.
എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായല്ല ഇഷാനെ ടീമിൾ ഉൾപ്പെടുത്താതിരുന്നത് എന്നാണ് കോച്ച് രാഹുൽ ദ്രാവിഡിന്റെ വിശദീകരണം. ഇഷാൻ സെലക്ഷന് ലഭ്യമായിരുന്നില്ല. വിശ്രമം കഴിഞ്ഞാൽ ഇഷാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ടീമിലേക്ക് തിരികെയെത്തുമെന്നും ദ്രാവിഡ് പറഞ്ഞു. കുറച്ചുനാളുകളായി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിലുണ്ടായിരുന്ന താരമാണ് ഇടംകൈയനായ ഇഷാൻ കിഷൻ. ഇരുപത്തിയഞ്ചുകാരനായ ഇഷാൻ രണ്ട് ടെസ്റ്റിൽ 78 റൺസും 27 ഏകദിനത്തിൽ 933 റൺസും 32 ട്വന്‍റി 20യിൽ 796 റൺസും നേടിയിട്ടുണ്ട്. 2022ൽ ബംഗ്ലാദേശിനെതിരെ 126 പന്തിൽ ഇരട്ടസെഞ്ചുറി നേടിയതാണ് ഏകദിനത്തിൽ ഇഷാൻ കിഷന്‍റെ ഉയർന്ന സ്കോർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം