പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ
പേശികള്‍ക്കേറ്റ പരിക്ക് കാരണം ധോണിക്ക് അധികദൂരം ഓടാനാവില്ലെന്നും അതിനാലാണ് ധോണി അവസാനം മാത്രം ബാറ്റിംഗിന് ഇറങ്ങുന്നതെന്നും ചെന്നൈ ടീമിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ എം എസ് ധോണി ഒമ്പതാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിന്‍റെ കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. പഞ്ചാബിനെതിരെ പതിമൂന്നാം ഓവറില്‍ മൊയീന്‍ അലി പുറത്തായപ്പോൾ മിച്ചല്‍ സാന്‍റ്നറും പതിനാറാം ഓവറില്‍ സാന്‍റനര്‍ പുറത്തായപ്പോള്‍ ഷാര്‍ദ്ദുല്‍ ഠാക്കൂറുമായിരുന്നു ചെന്നൈക്കായി ബാറ്റിംഗിനിറങ്ങിയത്. പത്തൊമ്പതാം ഓവറില്‍ ഷാര്‍ദ്ദുലും പുറത്തായപ്പോഴാണ് ധോണി ക്രീസിലെത്തിയത്.
വാലറ്റക്കാരെയെല്ലാം പറഞ്ഞുവിട്ടശേഷം ധോണി പത്തൊമ്പതാം ഓവറില്‍ മാത്രം ക്രീസിലെത്തിയതിനെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും ഹര്‍ഭജന്‍ സിംഗും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ധോണി കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് പത്താന്‍ പറഞ്ഞപ്പോള്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങാനാണെങ്കില്‍ ധോണിക്ക് പകരം ഒരു പേസ് ബൗളറെ കളിപ്പിക്കുന്നതാണ് നല്ലതെന്നായിരുന്നു ഹര്‍ഭജന്‍റെ പരിഹാസം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്.
പേശികള്‍ക്കേറ്റ പരിക്ക് കാരണം ധോണിക്ക് അധികദൂരം ഓടാനാവില്ലെന്നും അതിനാലാണ് ധോണി അവസാനം മാത്രം ബാറ്റിംഗിന് ഇറങ്ങുന്നതെന്നും ചെന്നൈ ടീമിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. വിക്കറ്റിനിടയിടയിലെ ഓട്ടം ധോണിക്ക് വലിയ പ്രശ്നമാണെന്നും നേരത്തെ ഇറങ്ങിയാല്‍ കൂടുതല്‍ ഓടേണ്ടിവരുമെന്നതിനാലാണ് ധോണി അവസാന ഓവറുകളില്‍ മാത്രം ക്രീസിലെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധോണിയെ വിമര്‍ശിക്കുന്നവര്‍ പരിക്കുപോലും വകവെക്കാതെ ടീമിനായി ചെയ്യുന്ന ത്യാഗം തിരിച്ചറിയുന്നില്ലെന്നും ടീമിന്‍റെ രണ്ടാമത്തെ വിക്കറ്റ് കീപ്പാറായ ഡെവോണ്‍ കോണ്‍വെ പരിക്ക് മാറി തിരിച്ചെത്തിയാല്‍ ധോണി ഏതാനും മത്സരങ്ങളില്‍ വിശ്രമം എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ ടി20 ലോകകപ്പ് ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്; സകല മൂഡും പോയെന്ന് ആരാധകർ
ക്രീസിലിറങ്ങുന്നതിന് മുമ്പ് പരിക്ക് വഷളാവാതിരിക്കാനുള്ള മരന്നുകള്‍ കഴിച്ചാണ് ധോണി ഇറങ്ങുന്നതെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചെങ്കിലും ടീമില്‍ മറ്റൊരു വിക്കറ്റ് കീപ്പറില്ലാത്തതിനാല്‍ ധോണിക്ക് വിശ്രമം അനുവദിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍ ഇതുവരെ കളിച്ചിട്ടില്ല. പരിക്കേറ്റ മതീഷ പതിരാനയും ദീപക് ചാഹറും പുറത്താണ്. മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബീ ടീമുമായാണ് ചെന്നൈ കളിക്കുന്നതെന്നും ടീം വൃത്തങ്ങള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക