എന്താണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്? ചരിത്രം, പ്രാധാന്യം അറിയേണ്ടതെല്ലാം
19-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ബോക്‌സിംഗ് ഡേ ആരംഭിക്കുന്നത്.
മെല്‍ബണ്‍: ഡിസംബര്‍ 26ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ആവേശഭരിതരാണ്. എന്നാല്‍ എന്താണ് ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ഉത്ഭവം എങ്ങനെയാണെന്ന് നോക്കാം.
19-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ബോക്‌സിംഗ് ഡേ ആരംഭിക്കുന്നത്. അവിടെ ഡിസംബര്‍ 26ന് തൊഴിലുടമകളും സമ്പന്നരും അവരുടെ ജോലിക്കാര്‍ക്ക് 'ക്രിസ്മസ് ബോക്‌സുകള്‍' സമ്മാനിക്കുന്ന ഒരു ദിനമായി ആഘോഷിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ മാത്രമല്ല, ഈ ദിവസം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ അവധിയുമാണ്.
1950-ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയ - ഇംഗ്ലണ്ട് മത്സരത്തോടെയാണ് ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. അതിനുശേഷം, ഒരു സന്ദര്‍ശക ടീമിനെതിരെ ഓസ്ട്രേലിയ ഡിസംബര്‍ 26ന് കളിക്കുന്ന മത്സരം ബോക്‌സിംഗ് ഡേ ടെസ്റ്റായി മാറി. 90,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്. ഈ വര്‍ഷത്തെ ബോക്‌സിംഗ് ഡേ ടെസ്റ്റിന് 86000 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. കാലത്തിനനുസരിച്ച് ബോക്സിംഗ് ഡേ ടെസ്റ്റ് അതിര്‍ത്തികള്‍ മറികടന്നു, മറ്റ് ക്രിക്കറ്റ് രാജ്യങ്ങള്‍ പാരമ്പര്യം സ്വീകരിച്ചു. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയും ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നുണ്ട്.
ക്രിക്കറ്റിന്റെയും സംസ്‌കാരത്തിന്റെയും ആഘോഷം
ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെയും ഒരു സംസ്‌കാരത്തിന്റെയും ആഘോഷമാണ്. എംസിജിയില്‍ മത്സരം ആസ്വദിക്കാന്‍ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഈ വര്‍ഷത്തെ മത്സരം അവിസ്മരണീയമായ അനുഭവമാകുമെന്നാണ് പ്രതീക്ഷ. റെക്കോര്‍ഡ് കാണികള്‍ ആവേശം വര്‍ധിപ്പിക്കുന്നു. ബോക്സിംഗ് ഡേ ടെസ്റ്റിനായി ആരാധകര്‍ തയ്യാറെടുക്കുമ്പോള്‍, ലോകത്തിലെ രണ്ട് മുന്‍നിര ക്രിക്കറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള ആവേശകരമായ മത്സരം പ്രതീക്ഷിക്കാം.