ലീഡ് 300 കടന്നിട്ടും ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്യാതിരുന്നതിനുള്ള കാരണം തുറന്നുപറഞ്ഞ് രവി ശാസ്ത്രി
ഓസ്ട്രേലിയയുടെ പത്താം നമ്പര്‍ ബാറ്ററെയും പതിനൊന്നാം നമ്പര്‍ ബാറ്ററെയും പുറത്താക്കാന്‍ പോലും ഇന്ത്യക്ക് അവസാന സെഷനില്‍ കഴിഞ്ഞില്ല. ഇതിനര്‍ത്ഥം പിച്ച് പൂര്‍ണമായും ബാറ്റിംഗിന് അനുകൂലമാണെന്നാണ്.
മെല്‍ബണ്‍: ഇന്ത്യക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് 300 കടന്നിട്ടും നാലാം ദിനം അവസാന സെഷനില്‍ ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്യാതിരുന്നത് ബുദ്ധിപരമായ നീക്കമെന്ന് മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി. നാലാം ദിനം അവസാന സെഷനില്‍ പിച്ച് പൂര്‍ണമായും ബാറ്റിംഗിന് അനുകൂലമായതോടെ ഡിക്ലയര്‍ ചെയ്തിരുന്നെങ്കില്‍ ഇന്ത്യ ആധിപത്യം നേടുമായിരുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിന്‍സ് ഡിക്ലറേഷന്‍ വൈകിപ്പിച്ചതെന്ന് രവി ശാസ്ത്രി പറഞ്ഞു.
ഓസ്ട്രേലിയയുടെ പത്താം നമ്പര്‍ ബാറ്ററെയും പതിനൊന്നാം നമ്പര്‍ ബാറ്ററെയും പുറത്താക്കാന്‍ പോലും ഇന്ത്യക്ക് അവസാന സെഷനില്‍ കഴിഞ്ഞില്ല. ഇതിനര്‍ത്ഥം പിച്ച് പൂര്‍ണമായും ബാറ്റിംഗിന് അനുകൂലമാണെന്നാണ്. നാലാം ദിനം അവസാന സെഷനില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സടിച്ചിരുന്നെങ്കില്‍ ഓസ്ട്രേലിയ ഇപ്പോള്‍ നേടിയ ആധിപത്യം നഷ്ടമാവുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കമിന്‍സ് നാലാം ദിനം മുഴുവനായി ബാറ്റ് ചെയ്തത്. എന്നാല്‍ അഞ്ചാം ദിനം തുടക്കത്തിലെ ന്യൂബോള്‍ എടുത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാവും പാറ്റ് കമിന്‍സ് ശ്രമിക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ച് ഓസ്ട്രേലിയക്ക് ആശങ്കയുണ്ട്. ഇതും ഡിക്ലറേഷന്‍ വൈകിപ്പിക്കാനുള്ള ഒരു കാരണമാണ്. പ്രത്യേകിച്ച് ഗാബയില്‍ സംഭവിച്ചത് ഓസ്ട്രേലിയയുടെ മനസിലിപ്പോഴും മായാതെയുണ്ട്. അന്ന് 329 റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇന്ത്യൻ ടീമില്‍ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കുന്ന നിരവധി കളിക്കാരുണ്ടെന്നതും ഡിക്ലറേഷന്‍ വൈകിപ്പിക്കാന്‍ കാരണമായിട്ടുണ്ടാകും. 2015ലും സമാനമായ സാഹചര്യത്തിലൂടെ ഇന്ത്യ കടന്നുപോയിട്ടുണ്ട്. അന്ന് നാലാം ദിനം ഡിക്ലയര്‍ ചെയ്യാതിരുന്ന ഓസീസ് അഞ്ചാം ദിനം തുടക്കത്തില്‍ ഏതാനും ഓവറുകള്‍ ബാറ്റ് ചെയ്തശേഷമാണ് ഡിക്ലയര്‍ ചെയ്തത്. അന്ന് ടെസ്റ്റ് സമനിലയാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. മെല്‍ബണിലും സമനില നേടുക എന്നത് ഇന്ത്യക്ക് അസാധ്യമല്ല. എന്നാല്‍ വിജയത്തിനായി തന്നെ ഇന്ത്യ ശ്രമിക്കുകയാണ് വേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യയെ പുറത്താക്കാന്‍ ആവശ്യത്തിന് ഓവറുകള്‍ അവസാന ദിവസം കിട്ടുമെന്ന് നാലാം ദിനത്തിലെ കളിക്കുശേഷം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും പറഞ്ഞു. മത്സരം നേരത്തെ തുടങ്ങുന്നതിനാല്‍ 80 ഓവര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ പുതിയ പന്തെടുക്കാന്‍ ഓസീസിനാവും. ഇതിനുശേഷവും 18 ഓവറുകളോളം ഓസീസിന് ലഭിക്കുമെന്നും ന്യൂബോളായിരിക്കും മത്സരത്തിന്‍റെ ഗതി തീരുമാനിക്കുകയെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക