ഫൈനലിന് മുമ്പ് രോഹിത് ശര്‍മ്മ സഹതാരങ്ങളോട് പറഞ്ഞത് ഒറ്റക്കാര്യം; ആ ഉപദേശത്തില്‍ കപ്പ് ഇങ്ങുപോന്നു
വ്യക്തമായ സന്ദേശമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിന് മുമ്പ് സഹതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നല്‍കിയത്
ബാര്‍ബഡോസ്: നീണ്ട 11 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്വന്‍റി 20 ലോകകപ്പ് 2024ഓടെ അവസാനിപ്പിച്ചിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരുടെ അവസാന ട്വന്‍റി 20 ലോകകപ്പ് കൂടിയാണിത് എന്നതിനാല്‍ കിരീടം ഇന്ത്യന്‍ ടീമും ആരാധകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു. അതിനാല്‍ വ്യക്തമായ സന്ദേശമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിന് മുമ്പ് സഹതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നല്‍കിയത്.
ക്യാപ്റ്റന്‍സിയിലെ ഹിറ്റ്‌മാനിസം
'കാര്യങ്ങളെ ലളിതമായി കാണാനായിരുന്നു ഫൈനലിന് മുമ്പ് രോഹിത് ശര്‍മ്മ ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ എനിക്ക് ഒറ്റയ്ക്ക് ലോകകപ്പ് എന്ന പര്‍വതം കീഴടക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ എല്ലാവരുടെയും ഓക്‌സിജന്‍ ആവശ്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ കാലുകളിലും മനസിലും ഹൃദയത്തിലുമുള്ള എല്ലാ കഴിവുകളെയും മത്സരത്തിലേക്ക് കൊണ്ടുവരിക. അങ്ങനെ ചെയ്‌താല്‍ ഈ രാത്രിയെ ഓര്‍ത്ത് സങ്കടപ്പെടേണ്ടിവരില്ല'- എന്നുമായിരുന്നു ബാര്‍ബഡോസില്‍ പ്രോട്ടീസിന് എതിരെ ഫൈനലിന് ഇറങ്ങും മുമ്പ് സഹതാരങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. ദേശീയ മാധ്യമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സൂര്യകുമാര്‍ യാദവാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
Read more: ആശങ്കയകലുന്നു; ബാര്‍ബഡോസില്‍ കുടുങ്ങിയ ടീം ഇന്ത്യ ഇന്ന് നാട്ടിലേക്ക് തിരിച്ചേക്കും
രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ ഏറ്റെടുത്ത ഇന്ത്യന്‍ താരങ്ങള്‍ പിന്നാലെ ടീം ഇന്ത്യക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ നിശ്ചിത 20 ഓവറില്‍ 169-8 എന്ന സ്കോറില്‍ ഒതുക്കി ഇന്ത്യ ഏഴ് റണ്‍സിന്‍റെ ത്രില്ലര്‍ ജയം നേടുകയായിരുന്നു. 59 പന്തില്‍ 76 റണ്‍സുമായി കിംഗ് കോലി ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയായി.
ദ്രാവിഡിനും പ്രശംസ
ഇന്ത്യന്‍ ടീമിന് കിരീടം സമ്മാനിച്ച പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പ്രശംസിക്കാന്‍ സൂര്യകുമാര്‍ യാദവ് മറന്നില്ല. 'തന്‍റെ പരിചയസമ്പത്ത് രാഹുല്‍ ദ്രാവിഡ് ഒരു താരത്തിന് മുകളിലും ഒരിക്കലും അടിച്ചേല്‍പ്പിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ എന്ന വിശേഷണമുള്ള ദ്രാവിഡ് സമ്മര്‍ദങ്ങളിലും ആളുകളുടെ പ്രതീക്ഷാഭരത്തിലും ടീമിന് മതില്‍കെട്ടി സംരക്ഷകനായി. ദ്രാവിഡിന്‍റെ കോച്ചിംഗ് ശൈലിയോട് ഏറെ താല്‍പര്യം വിരാട് കോലിക്കുണ്ടായിരുന്നു. കപ്പുമായി ദ്രാവിഡ് ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടുന്ന 30 സെക്കന്‍ഡ് വീഡിയോ ഒരു ആയുഷ്‌കാലത്തേക്കുള്ള നീക്കിയിരിപ്പാണ്' എന്നും സ്കൈ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം