രാഹുലോ, ജഡേജയോ? വാഷിംഗ്ടണ്‍ സുന്ദര്‍ വരുമ്പോള്‍ ആര് പുറത്താവും? പൂനെ ടെസ്റ്റിനുള്ള ടീമില്‍ മാറ്റമുറപ്പ്
സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമായും ചില കാരണങ്ങളുമുണ്ട്.
മുംബൈ: ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീമില്‍ മാറ്റം വരുത്തിയിരുന്നു ഇന്ത്യ. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനായി മൂന്നാം നമ്പറില്‍ ബാറ്റിംഗിനെത്തി 152 റണ്‍സ് നേടിയ സുന്ദര്‍ ഇന്ന് പൂനെയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. എന്നാല്‍ സ്‌ക്വാഡില്‍ നിന്ന് ആരേയും ഒഴിവാക്കിയിട്ടുമില്ല. സുന്ദര്‍ വരുമ്പോള്‍ ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പൂനെയില്‍ സുന്ദര്‍ കളിക്കുമോ എന്നും അങ്ങനെയെങ്കില്‍ ആര് പുറത്താവുമെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.
സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമായും ചില കാരണങ്ങളുമുണ്ട്. കെ എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടേയും മോശം ഫോമാണ് അതിലൊന്ന്. മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമാവും. ബെംഗളൂരു ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫീല്‍ഡിംഗിലും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തും. ആദ്യ ടെസ്റ്റില്‍ പരിക്കിനെത്തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുത്ത താരം രണ്ടാം ടെസ്റ്റ് കളിച്ചേക്കും.
ബെംഗളൂരു ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. പന്തെറിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ഈ സാഹചര്യത്തില്‍ സുന്ദറിനെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. കൂടാതെ കുല്‍ദീപ് യാദവിന് പകരം അക്‌സര്‍ പട്ടേലിനേയും ടീമിലെത്തിച്ചേക്കും. സര്‍ഫറാസ് ഖാനെ ആദ്യ ഇലവനില്‍ നിലനിര്‍ത്തും.
ബെംഗളൂരുവില്‍ 150 റണ്‍സ് നേടി ടീമില്‍ അവകാശവാദം ഉന്നയിച്ചുരുന്നു താരം. അതുകൊണ്ടുതന്നെ സര്‍ഫറാസിന് മുകളില്‍ രാഹുലിനെ കൊണ്ടുവരില്ല. ആകാശ് ദീപ് ടീമിലെത്തും. മുഹമ്മദ് സിറാജിന് വിശ്രമം നല്‍കാനും സാധ്യത.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയസ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര.