ടി20 ലോകകപ്പ്: നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ വിന്‍ഡീസിന് ടോസ്
ഇന്ന് ജയിക്കുന്ന ടീം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ പുറത്താവും. സിംബാബ്‌വെ, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നാല് ടീമുകള്‍ക്കും ഓരോ ജയവും തോല്‍വിയുമാണുള്ളത്.
ഹൊബാര്‍ട്ട്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്ന ടീം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ പുറത്താവും. സിംബാബ്‌വെ, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നാല് ടീമുകള്‍ക്കും ഓരോ ജയവും തോല്‍വിയുമാണുള്ളത്.
വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴസ്, ജോണ്‍സണ്‍ ചാര്‍ളസ്, എവിന്‍ ലൂയിസ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, അകെയ്ല്‍ ഹുസൈന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്ര്യൂ ബാല്‍ബിര്‍ണി, ലോര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ടിസ് കാംഫര്‍, ജോര്‍ജ് ഡോക്ക്‌റെല്‍, ഗരേത് ഡെലാനി, മാര്‍ക് അഡൈര്‍, സിമി സിംഗ്, ബാരി മക്കാര്‍ത്തി, ജോഷ്വാ ലിറ്റില്‍.
ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. സ്‌കോട്‌ലന്‍ഡിനോടായിരുന്നു വിന്‍ഡീസിന്റെ ആദ്യ പരാജയം. 42 റണ്‍സിന്റെ തോല്‍വിയാണ് പുരാനും സംഘവും ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.3 ഓവറില്‍ 118ന് പുറത്തായി. അയര്‍ലന്‍ഡ്, 31 റണ്‍സിന് സിംബാബ്‌വെയോട് പരാജയപ്പെടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാന്‍ സാധിച്ചത്. രണ്ടാം മത്സരത്തില്‍ അയലന്‍ഡ്, സ്‌കോട്‌ലന്‍ഡിനേയും വിന്‍ഡീസ്, സിംബാബ്‌വെയേയും തോല്‍പ്പിച്ചു.