ഹെയ്‌ലി മാത്യൂസ് തീര്‍പ്പാക്കി! 16-ാം ഓവറില്‍ ജോലി തീര്‍ത്ത് വിന്‍ഡീസ് വനിതകള്‍, ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി

ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ക്വിയന ജോസഫ് (22 പന്തില്‍ 38) - ഹെയ്‌ലി സഖ്യം വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് അടിച്ചെടുത്തു.

west indies women won over india by nine wickets second t20

നവി മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്ക് ഒമ്പത് വിക്കറ്റ് ജയം. നവി മുംബൈ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹെയ്‌ലി മാത്യൂസിന്റെ (47 പന്തില്‍ പുറത്താവാതെ 85) ഇന്നിംഗ്‌സാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ (41 പന്തില്‍ 62) ഇന്നിംഗ്‌സിന്റെ കരുത്തിലാണ് 159 റണ്‍സടിച്ചെടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.

ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ക്വിയന ജോസഫ് (22 പന്തില്‍ 38) - ഹെയ്‌ലി സഖ്യം വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് അടിച്ചെടുത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജോസഫിനെ സൈമ താക്കൂര്‍ പുറത്താക്കി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജോസഫിന്റെ ഇന്നിംഗ്‌സ്. പിന്നീട് വിന്‍ഡീസിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല. ഷെമെയ്ന്‍ കാംപെല്ലിനെ (26 പന്തില്‍ 29) കൂട്ടുപിടിച്ച് ഹെയ്‌ലി വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. 17 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹെയ്‌ലിയുടെ ഇന്നിംഗ്‌സ്. ഷെമെയ്ന്‍ നാല് ഫോറുകള്‍ നേടി.

നേരത്തെ, സ്മൃതിക്ക് പുറമെ റിച്ചാ ഘോഷ് (17 പന്തില്‍ 32) ഇന്ത്യക്ക് നിര്‍ണായക സംഭവാന നല്‍കി. മലയാളി താരം സജന സജീവന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഉമ ചേത്രിയുടെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതെത്തിയ ജമീമ റോഡ്രിഗസിന് (13) തിളങ്ങാനായില്ല. അരങ്ങേറ്റക്കാരി രാഘ്‌വി ബിസ്റ്റ് (5) നിരാശപ്പെടുത്തി. ഇതോടെ 8.1 ഓവറില്‍ മൂന്നിന് 48 എന്ന നിലയിലായി ഇന്ത്യ. പിന്നീട് ദീപ്തി ശര്‍മ (17) - സ്മൃതി സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. എന്നാല്‍ 14-ാം ഓവറില്‍ മന്ദാന പുറത്തായി. 41 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറും നേടി. വൈകാതെ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു.

ബ്രിസ്‌ബേന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പിന്നീടുള്ള സാധ്യതകള്‍ ഇങ്ങനെ

തുടര്‍ന്ന് സജന ക്രീസിലേക്ക്. എന്നാല്‍ മൂന്ന് പന്ത് മാത്രമായിരുന്നു വയനാട്ടുകാരിക്ക് ആയുസ്. അഫി ഫ്‌ളെച്ചറുടെ പന്തില്‍ വിക്കറ്റിന്് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രാധ യാദവ് (7), സൈമ താക്കൂര്‍ (6) എന്നിവരും വന്നതുപോലെ മടങ്ങി. ഇതിനിടെ റിച്ച പുറത്തെടുത്ത പ്രകടനം സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. 17 പന്തുകള്‍ നേരിട്ട താരം ആറ് ഫോറുകള്‍ നേടിയിരുന്നു. തിദാസ് സധു (1), രേണുക സിംഗ് (4) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്കിനെ തുടര്‍ന്ന് ഇന്ന് കളിച്ചില്ല. പകരം രാഘ്‌വി ബിസ്റ്റ് ടീമിലെത്തി. മലയാളി താരം മിന്നു മണിക്ക് ഇന്നും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. 

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, നെറിസ ക്രാഫ്റ്റണ്‍, ഷാബിക ഗജ്നബി, സൈദ ജെയിംസ്, അഷ്മിനി മുനിസാര്‍, അഫി ഫ്‌ലെച്ചര്‍, കരിഷ്മ റാംഹരക്ക്.

ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാഘ്‌വി ബിസ്റ്റ്, സജീവന്‍ സജന, ദീപ്തി ശര്‍മ, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.

Latest Videos
Follow Us:
Download App:
  • android
  • ios