WI vs IND : തോറ്റ് തോറ്റ് വെസ്റ്റ് ഇന്‍ഡീസ്, ടി20 ക്രിക്കറ്റില്‍ മോശം റെക്കോര്‍ഡ്; പിന്തള്ളിയത് ശ്രീലങ്കയെ

ഇന്ത്യക്കെതിരെ ദയനീയമാണ് അവരുടെ റെക്കോര്‍ഡ്. 2018ന് ശേഷം നാല് പരമ്പരകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്ക് (Team India) തന്നെയായിരുന്നു നാല് തവണയും ജയം. 

West Indies pips Sri Lanka for bad record T20 Cricket

കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരാണ് വെസ്റ്റ് ഇന്‍ഡീസെന്നാണ് (West Indies) പൊതുവെ പറയാറ്. രണ്ട് കിരീടങ്ങള്‍ അവരുടെ അക്കൗണ്ടിലുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരെ ദയനീയമാണ് അവരുടെ റെക്കോര്‍ഡ്. 2018ന് ശേഷം നാല് പരമ്പരകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്ക് (Team India) തന്നെയായിരുന്നു നാല് തവണയും ജയം. 

2018ല്‍ ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങലുടെ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് ജയിച്ചു. തൊട്ടടുത്ത വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ഇന്ത്യ 3-0ത്തിന് പരമ്പര സ്വന്തമാക്കി. അതേവര്‍ഷം ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പര വിരാട് കോലിയും (Virat Kohli) സംഘവും 2-1ന് ജയിച്ചു. ഇപ്പോള്‍ രോഹിത്തിന് കീഴില്‍ സമ്പൂര്‍ണ വിജയവും. 

മാത്രമല്ല, ടി20യില്‍ ഏറ്റവും തോല്‍വികളെന്ന മോശം റെക്കോര്‍ഡും വിന്‍ഡീസിന്റെ പേരിലായി. 83 മത്സരങ്ങളില്‍ വിന്‍ഡീസ് തോല്‍വി അറിഞ്ഞു. ഇക്കാര്യത്തില്‍ ശ്രീലങ്കയെയാണ് വിന്‍ഡീസ് പിന്തള്ളിയത്. അവര്‍ 82 മത്സരങ്ങള്‍ തോറ്റു. ബംഗ്ലാദേശ് (78), ന്യൂസിലന്‍ഡ് (76) എന്നിവര്‍ തൊട്ടുപിറകിലുണ്ട്.

വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയതോടെ ടി20യിലെ തുടര്‍ ജയങ്ങളിലും ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തി. വിന്‍ഡീസിനെതിരായ മൂന്നാം മത്സരത്തിലും ജയിച്ചതോടെ ഇന്ത്യ തുടര്‍ച്ചയായ ഒമ്പതാം ടി20 മത്സരത്തിലാണ് ജയം നേടിയത്. ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്ലന്‍ഡ് ടീമുകളെ തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ടി20 പപരമ്പരയിലുിം സമ്പൂര്‍ണ ജയം നേടിയിരുന്നു.

2020ല്‍ തുടര്‍ച്ചയായി ഒമ്പത് ടി20 മത്സരങ്ങള്‍ ജയിച്ചതാണ് ഇതിന് മുമ്പുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം സ്വന്തമാക്കിയ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച നായകന്‍മാരില്‍ രണ്ടാം സ്ഥാനത്തെത്തി. 2019-2022 കാലയളവിലാണ് രോഹിത് തുടര്‍ച്ചയായി ഒമ്പത് ജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്.

2018ല്‍ തുടര്‍ച്ചയായി ഒമ്പത് ജയം സ്വന്തമാക്കിയ മുന്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദാണ് രോഹിത്തിനൊപ്പമുള്ളത്. തുടര്‍ച്ചയായി 12 മത്സരങ്ങള്‍ ജയിച്ച അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനാണ് ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍.

അന്ന് അഫ്ഗാനിസ്ഥാന്  ഐസിസിയുടെ മുഴുവന്‍ സമയ അംഗത്വം ഇല്ലായിരുന്നു. ശ്രീലങ്കക്കെതിരായ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര നേടിയാല്‍ രോഹിത്തിന് ഈ നേട്ടത്തിനൊപ്പമെത്താനാവും.

Latest Videos
Follow Us:
Download App:
  • android
  • ios